പത്തനംതിട്ട, നവംബര്‍ 18, 2025: വി സുരക്ഷ റിസ്റ്റ് ബാന്‍ഡുകളിലൂടെ ആശങ്കകളില്ലാതെ സുരക്ഷിതമായ ശബരിമല തീര്‍ത്ഥാടനം ഉറപ്പാക്കാനായി കേരള പോലീസ് കേരളത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ വിയുമായി വീണ്ടും കൈകോര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ‘വി സുരക്ഷ’ പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് ഈ വര്‍ഷവും കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡോടുകൂടിയ റിസ്റ്റ് ബാന്‍ഡുകള്‍ നല്‍കുന്നതിന് വി വീണ്ടും കേരള പോലീസുമായി സഹകരിക്കുന്നത്. കുട്ടികളുടെ കൈയ്യിലെ റിസ്റ്റ് ബാന്‍ഡ് രക്ഷിതാവിന്റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിന്റെ പക്കല്‍ ഏല്‍പ്പിക്കാന്‍ ഇതിലൂടെ പോലീസിന് സാധിക്കും.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനായി വി യുടെ നെറ്റ്വര്‍ക്ക് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്‍900, എല്‍1800, എല്‍2100, എല്‍2300, എല്‍2500 എന്നീ സ്‌പെക്ട്രം ബാന്‍ഡുകളിലായി ആകെ 70 മെഗാഹെര്‍ട്സ് സ്‌പെക്ട്രം വിന്യസിക്കുകയും പത്തനംതിട്ട ജില്ലയില്‍ 13 പുതിയ സൈറ്റുകള്‍ കൂടി സ്ഥാപിക്കുകയും ചെയ്തു.
എല്ലാ സ്ഥലങ്ങളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാനും തിരക്കുള്ള സമയങ്ങളിലും ശക്തമായ ഡേറ്റയും വോയ്‌സ് സേവനങ്ങളും ഉറപ്പാക്കുന്നതിനുമായി വി മാസ്സീവ് എംഐഎംഒ സാങ്കേതിക വിദ്യയോടുകൂടിയ അഡ്വാന്‍സ്ഡ് എഫ്ഡിഡി, ടിഡിഡി ലെയറുകളും വിന്യസിച്ചിട്ടുണ്ട്.
ഗണപതി കോവില്‍, നടപ്പന്തല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍, പമ്പ- സന്നിധാനം നടപ്പാത, നിലയ്ക്കല്‍ പാര്‍ക്കിംഗ്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുമായി എത്തുന്നവര്‍ക്ക് www.visuraksha.online എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌തോ അല്ലെങ്കില്‍ കേരളത്തിലെ 25 വി സ്റ്റോറുകളിലോ 103 വി മിനി സ്റ്റോറുകളിലോ നേരിട്ടെത്തിയാല്‍ ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡ്’ നായി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. തീര്‍ത്ഥാടന സമയത്ത് പമ്പയിലെ ഏതെങ്കിലും വി സുരക്ഷ കിയോസ്‌കില്‍ ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ ഐഡി കാണിച്ചാല്‍ അവരുടെ കോണ്‍ടാക്ട് നമ്പറുമായി ഇതിനകം ലിങ്ക് ചെയ്തിരിക്കുന്ന ക്യൂആര്‍ കോഡ് ബാന്‍ഡ് ലഭിക്കും.
കഴിഞ്ഞ വര്‍ഷം വി 20,000-ത്തിലധികം ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ വിതരണം ചെയ്തിരുന്നു. ഇതിലൂടെ 150ഓളം കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാന്‍ കേരള പോലീസിനെ സഹായിച്ചു.
