Home » Blog » kerala Max » റിയൽ എസ്റ്റേറ്റ് ഏജന്റ് രജിസ്ട്രേഷനും പുതുക്കലും; കെ-റെറ പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് നരഡ്കോ
IMG-20261020-WA0016

കൊച്ചി: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പ്മെന്റ് കൗൺസിൽ (നരഡ്കോ) ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻനിർത്തി 15.10.2026ന് തിരുവനന്തപുരത്ത് തദ്ധേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയെ നേരിട്ട് കണ്ട് നരഡ്കോ ഭാരവാഹികൾ കത്തു നൽകുകയും പ്രശ്നങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്താനാണ് ശ്രമിക്കുന്നതെന്ന് നരഡ്കോ ഭാരവാഹികളായ ബിനോയ് തോമസ് (പ്രസിഡന്റ്, നരഡ്കോ), കൃഷ്ണപ്രസാദ് (ജനറൽ സെക്രട്ടറി, നരഡ്കോ), രാജേഷ് കെ.എസ് (വൈസ് പ്രസിഡന്റ്, നരഡ്കോ), അഡ്വ. രഞ്ജിത് കുമാർ (എക്സിക്യൂട്ടീവ് മെമ്പർ, നരഡ്കോ) എന്നിവരെ മന്ത്രി അറിയിച്ചു.

കെ-റെറ പോർട്ടൽ ലഭ്യമല്ലാത്തതിനാൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതുതായി ഏജന്റ് രജിസ്ട്രേഷൻ നടത്താനോ നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ പോർട്ടൽ പ്രവർത്തിക്കാത്തതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ നൂറുകണക്കിന് ഏജന്റുമാരും ബ്രോക്കർമാരുമാണ് ദുരിതത്തിലായിരിക്കുന്നത്. റെറ നിയമ പ്രകാരം രജിസ്ട്രേഷനില്ലാത്ത റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും ബ്രോക്കർമാർക്കും ഭൂ വിൽപ്പനയുമായി ബന്ധപ്പെട്ട ധനകാര്യ ഇടപാടുകൾ നടത്താനാവില്ല. രജിസ്ട്രേഷനിലെ പ്രശ്നങ്ങൾ കാരണം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഭീമമായ നഷ്ടമാണ് ഓരോ ദിവസവും സഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം ഏകദേശം നൂറിലധികം ഏജന്റ് രജിസ്ട്രേഷൻ ആപ്ലിക്കേഷനുകളും അറുപതിലധികം പ്രൊജക്ട് രജിസ്ട്രേഷനുകളും കെട്ടിക്കിടക്കുകയാണെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതുതായുള്ള രജിസ്ട്രേഷനും നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിനുമായി എത്രയും വേഗം കെ-റെറ പോർട്ടൽ തുറന്ന് നൽകണം, നിലവിൽ കെട്ടിക്കിടക്കുന്ന ആപ്ലിക്കേഷനുകൾ അടിയന്തിരമായി പരിഗണിക്കുകയും രജിസ്ട്രേഷൻ അനുവദിക്കുകയും വേണം, പോർട്ടലിന്റെ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിലായ ഏജന്റുമാരെ സംരക്ഷിക്കാനായി അവർക്ക് ഇടക്കാല ആശ്വാസം അനുവദിക്കണം, കെ-റെറ പോർട്ടലിലെ പ്രശ്നങ്ങൾ എന്താണെന്ന് പൊതുജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ വിശദീകരണവും എന്നുമുതലാണ് ഇത് പ്രവർത്തനക്ഷമമാകുക എന്ന വിവരങ്ങളും ലഭ്യമാക്കണം, ഈ പോർട്ടൽ തുറക്കാനാകുന്നില്ലെങ്കിൽ അതിന് ബദലായി അനുയോജ്യമായ മറ്റ് മാർഗങ്ങൾ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നര‍‍‍ഡ്കോ മന്ത്രി കെ.എം ഷാജിക്ക് നൽകിയ കത്തിൽ അറിയിച്ചത്.

നരഡ്കോ ഭാരവാഹികളായ ബിനോയ് തോമസ് (പ്രസിഡന്റ്, നരഡ്കോ), കൃഷ്ണപ്രസാദ് (ജനറൽ സെക്രട്ടറി, നരഡ്കോ), രാജേഷ് കെ.എസ് (വൈസ് പ്രസിഡന്റ്, നരഡ്കോ) വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

***

Leave a Reply

Your email address will not be published. Required fields are marked *