കൊച്ചി, നവംബർ 18, 2025: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സിന്റെ അഞ്ചാമത്തെ പ്രൊജക്ടായ ചെന്നൈ വണ്ടർലാ പാർക്ക് ഡിസംബർ 2-ന് തുറക്കും. പ്രതിദിനം 6,500 സന്ദർശകർക്ക് പ്രവേശനമുള്ള പാർക്കിൽ ഹൈ ത്രിൽ, കിഡ്സ്, ഫാമിലി, വാട്ടർ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്. 1489 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ ബുക്കിങ്ങിന് 10 ശതമാനം കിഴിവും തിരിച്ചറിയൽ കാർഡുമായെത്തുന്ന കോളേജ് വിദ്യാർത്ഥികൾക്ക് 20 ശതമാനം ഇളവും ലഭിക്കും. കൂടാതെ ഗ്രൂപ്പുകൾക്കും സീസണുകൾക്കുമായി പ്രത്യേക ഓഫറുകളുമുണ്ട്. ഈ വരുന്ന ഡിസംബർ 1 ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റ് വിശിഷ്ടാത്ഥികളും ചേർന്ന് പാർക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ഡിസംബർ 2 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്യും.
വണ്ടർലാ ഹോളിഡേയ്‌സ് എക്‌സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി, സിഒഒ ധീരൻ ചൗധരി, വിപി-എൻജിനീയറിങ് അജികൃഷ്ണൻ എ.ജി., ചെന്നൈ പാർക്ക് ഹെഡ് വൈശാഖ് രവീന്ദ്രൻ എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാർക്ക് തുറക്കുന്ന വിവരം അറിയിച്ചത്. കുടുംബസമേതം ആസ്വദിക്കാവുന്ന ഒട്ടേറെ വിനോദങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് അവർ അറിയിച്ചു. ഇന്ത്യയിലെ അമ്യൂസ്മെന്റ് പാർക്കുകളുടെ പട്ടികയിലെ നാഴികക്കല്ലാകാൻ പോകുന്ന ഈ പ്രോജക്റ്റ് 611 കോടിയിലധികം തുക ചിലവഴിച്ചാണ് ഒരുക്കുന്നത്. ചെന്നൈയിലെ മനോഹരമായ പഴയ മഹാബലിപുരം റോഡിൽ 64.30 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ വിനോദ കേന്ദ്രം, ഭാവിയിലെ വികസന സാധ്യത കൂടി മുന്നിൽക്കണ്ട്, തമിഴ് വാസ്തുവിദ്യയും നവീന ആശയങ്ങളും സംയോജിപ്പിച്ചാണ് ഒരുക്കിയിട്ടുളളത്. 64.30 ഏക്കറിൽ 37 ഏക്കർ നിലവിൽ വികസിപ്പിച്ചുകഴിഞ്ഞു.
വണ്ടർലാ ഹോളിഡേയ്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി ഈ സ്വപ്ന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചതിങ്ങനെ: പതിറ്റാണ്ടുകൾ നീണ്ട ഒരു സ്വപ്നത്തിന്റ സാക്ഷാത്കാരമാണ് വണ്ടർലാ ചൈന്നൈ. തമിഴ്നാട് സർക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഇത് സഫലമായത്. ഇന്ത്യയിലെ ഏറ്റവും നൂതനമായ അമ്യൂസ്മെന്റ പാർക്കാണ് ഇതെന്നു ഞങ്ങൾ വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ സർഗ്ഗാത്മകത, സംസ്കാരം, ഊഷ്മളത എന്നിവയുടെ പ്രതിഫലനമായിരിക്കണം വണ്ടർലാ ചെന്നൈ എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. ക്ഷേത്രങ്ങളിലെ കൊത്തുപണികളിൽനിന്നു പ്രചോദനമുൾക്കൊണ്ടും പ്രാദേശിക രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കിയുമാണ് ഇതൊരുക്കിയിരിക്കുന്നത്. ഈ പാർക്കിലെ ഓരോ കോണും ആ കഥകൾ നിങ്ങളോട് പറയും. ദക്ഷിണേന്ത്യയിലുടനീളം ഞങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുക എന്നതിനൊപ്പം വിനോദ സഞ്ചാരരംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലുമുള്ള തമിഴ്‌നാടിന്റെ പുരോഗമന കാഴ്ചപ്പാടിനോടുള്ള ഞങ്ങളുടെ മതിപ്പു പ്രകടിപ്പിക്കുക കൂടിയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്.
ഈ വിനോദ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ച് വണ്ടർലാ ഹോളിഡേയ്‌സിന്റെ സിഒഒ ധീരൻ ചൗധരി വിശദീകരിക്കുന്നു: വണ്ടർല ചെന്നൈയിലും സുരക്ഷ, പുതുമ, പ്രവർത്തന മികവ് എന്നിവ ഉറപ്പാക്കുന്നതിലൂടെ വണ്ടർലയുടെ പാരമ്പര്യം തുടരാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. റൈഡ് ഓപ്പറേഷൻ, അതിഥി സേവനം, ശുചിത്വം,ആൾക്കൂട്ട നിയന്ത്രണം, തുടങ്ങി പാർക്കിന്റെ എല്ലാ പ്രവർത്തനങ്ങളും സുഗമമാക്കാനുള്ള കൃത്യമായ ആസൂത്രണം നിർവഹിച്ചിട്ടുണ്ട്. റൈഡുകൾക്ക് അപ്പുറം ഈ അമ്യൂസ്മെന്റ് പാർക്ക് ഒരു ആഘോഷ ഇടമായി മാറണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. കുടുംബങ്ങളും സൗഹൃദങ്ങളും ഒത്തുചേരുന്ന, സുന്ദരനിമിഷങ്ങളും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളും അടയാളപ്പെടുത്തുന്ന, ഒത്തുചേർന്ന് ആഘോഷിക്കുന്ന ഇടമായി ഇവിടം മാറണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകോത്തര വിനോദങ്ങൾ തമിഴ്നാട്ടിലെ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ വാല്യു ഓഫറിങ്, ക്യൂറേറ്റഡ് സീസണൽ ഇവന്റുകൾ എന്നിവ മിതമായ നിരക്കിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
*ചെന്നൈയ്ക്കായി നിർമ്മിച്ചത് ലോകോത്തര റൈഡുകൾ*
*ഇന്ത്യയിലെ ആദ്യത്തേതും വലുതുമായ ബൊളിഗർ & മാബില്ലാർഡ് (ബി & എം) ഇൻവെർട്ടഡ് കോസ്റ്ററായ തഞ്ചോറ:*
ഒന്നിലധികം ഇൻവേർഷനുകൾ, സീറോ-ജി റോളുകൾ, ഫ്ലോർലെസ് കോൺഫിഗറേഷൻ എന്നിവയുള്ള സ്വിസ് എഞ്ചിനീയറിംഗ് അദ്ഭുതം യഥാർഥത്തിൽ പറക്കുന്നതിന്റെ അനുഭൂതി നൽകും.
*സ്പിൻ മിൽ:* ലംബ ലൂപ്പുകൾ, മൾട്ടി-ആക്സിസ് മോഷൻ, 4.5G ഫോഴ്‌സുകൾ എന്നിവ സംയോജിപ്പിച്ചാണ് 50 മീറ്ററിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്പിന്നിംഗ് ത്രിൽ റൈഡ് ഒരുക്കിയിരിക്കുന്നത്.
*സ്കൈ റെയിൽ:* പാർക്കിൽ നിന്ന് 12 മീറ്റർ ഉയരത്തിൽ, പനോരമിക് ദൃശ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 540 മീറ്റർ ഉയരമുള്ള മോണോറെയിൽ സ്വർണ ഗൊണ്ടോളകൾ വൈക്കിങ്ങുകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു നിർമിച്ചതാണ്.
*നാടിന്റെ സംസ്കാരവും ഡിസൈനും ഒരുമിക്കുമ്പോൾ*
ഇല്ലലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വണ്ടർലാ ചെന്നൈയുടെ ഡിസൈൻ സന്ദർശകർക്ക് ടൈംമെഷീനിലൂടെ കടന്നു പോവുന്ന അനുഭവമാണ് സമ്മാനിക്കുക. കല്ലിൽ കൊത്തിവച്ച പൈതൃകത്തിൽ നിന്ന് ഭാവിയിലെ റൈഡ് സോണിലേക്കുള്ള സാഹസികയാത്രാനുഭവമാണ് ഇത് സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത്.
➢ സുഗമമായ വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ഒന്നിലധികം ഷേഡുള്ള സോണുകളുണ്ട്. തദ്ദേശീയ രീതിയിലുള്ള ലാൻഡ് സ്കേപിങ് കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമാണ്.
➢ തമിഴ്‌നാടിന്റെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതിനായി കല്ലും ഗ്രാനൈറ്റും പോലെ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളാണ് ഡിസൈനിനായി ഉപയോഗിച്ചിരിക്കുന്നത്.
*റൈഡുകൾക്കപ്പുറം- ഡൈനിംഗ്, ഇവന്റുകൾ, റീട്ടെയിൽ ഓഫറുകൾ*
തമിഴ്‌നാടിന്റെ സമ്പന്നമായ പാചക വൈവിധ്യത്തെ 8 തീം ഡൈനിംഗ് മെനുവിലൂടെ (1,384 സീറ്റുകൾ) ആഘോഷിക്കുന്നുണ്ട് വണ്ടർലാ ചെന്നൈ. അന്താരാഷ്ട്ര വിഭവങ്ങൾക്കൊപ്പം തമിഴ്നാടിന്റെ പ്രാദേശിക രുചികളായ ദിണ്ടിഗൽ ബിരിയാണി, ചെട്ടിനാട് ചിക്കൻ, ചെന്നൈ ശൈലിയിലുള്ള സീഫുഡ് തുടങ്ങിയവയും ഒരുക്കും.
അതിഥികൾക്ക് ബുഫെകൾ, എ ലാ കാർട്ടെ ഡൈനിംഗ്, ലൈവ് കുക്കിംഗ് കൗണ്ടറുകൾ, കിയോസ്‌ക്കുകൾ എന്നിവയും ആസ്വദിക്കാം. വണ്ടർലയുടെ “മെയ്ക്ക്-റെഡി-ഡിസ്‌കാർഡ്” ശുചിത്വവും പുതുമയും ഉറപ്പാക്കുന്നു. ഓരോ വിഭവവും അതതു ദിവസം തയാറാക്കി അന്നുതന്നെ വിളമ്പുന്നുവെന്ന് ഉറപ്പാക്കുന്നു.
തഞ്ചാവൂർ ബൊമ്മകൾ, മരപ്പാച്ചി പാവകൾ എന്നിവ തയാറാക്കുന്ന പ്രാദേശിക കലാകാരന്മാരുായി സഹകരിച്ച് അവതരിപ്പിക്കുന്ന സുവനീറുകൾ പ്രാദേശിക കരകൗശല പാരമ്പര്യങ്ങളുടെ ഓർമകൾ സമ്മാനിക്കും. തമിഴ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കുന്ന ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. ഗ്രൂപ്പുകളായും ഒറ്റയ്ക്കും എത്തുന്ന സഞ്ചാരികൾക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ, ലോക്കറുകൾ, പ്രഥമശുശ്രൂഷാ സേവനം, പാരാമെഡിക് സ്റ്റേഷനുകൾ, 1500 പേർക്കിരിക്കാവുന്ന മൾട്ടിപർപ്പസ് കോൺഫറൻസ് ഹാൾ, കോർപ്പറേറ്റ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും കമ്മ്യൂണിറ്റി ഇവന്റുകൾക്കും അനുയോജ്യമായ 8500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ ഓപ്പൺ എയർ ഇവന്റ് പ്ലേസ് തുടങ്ങി നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ അതിഥിയുടെയും ക്ഷേമം ഉറപ്പാക്കാനായി നിരവധി ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ശിശു സൗഹൃദമേഖലകൾ, തടസ്സരഹിതമായി സഞ്ചരിക്കാനുള്ള പാതകൾ എന്നിവ സുരക്ഷയും സുഖസൗകര്യവും ഉറപ്പാക്കും.
*സാമ്പത്തികവും പാരിസ്ഥിതികവുമായ സ്വാധീനം*
വണ്ടർലാ ചെന്നൈയിൽ ആയിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാര മേഖലയ്ക്കും പ്രദേശവാസികൾക്കും ഗുണപ്രദമാണ്. തമിഴ്നാട് സർക്കാരിന്റെ ഇൻഡസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്സ്പോർട്ട് പ്രൊമോഷൻ ബ്യൂറോയാണ് ഈ പദ്ധതിക്ക് വഴിയൊരുക്കിയത്. വിനോദ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിലുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഇത് ഊട്ടിയുറപ്പിക്കുന്നു.
➢ 3.75 കോടി ലിറ്റർ മഴവെള്ള സംഭരണ ടാങ്ക്
➢ 1,000 kW സോളാർ പവർ ഇൻസ്റ്റാളേഷൻ (ഘട്ടം 2)
➢ 32,000 ചതുരശ്ര മീറ്റർ പച്ചപ്പും പതിനായിരത്തിലേറെ മരങ്ങളും
➢ EN 13814, IS 3328, IS 10500 മാനദണ്ഡങ്ങൾ പാലിക്കുന്ന ജല, വിനോദ സംവിധാനങ്ങൾ
തമിഴ്നാട്ടിൽ ഒരു അമ്യൂസ്മെന്‍റ് പാർക്ക് തുറക്കാൻ അവസരം ലഭിക്കുന്നതോടെ, അമ്യൂസ്മെന്റ്, വിശ്രമകേന്ദ്ര വ്യവസായ രംഗത്തെ പങ്കാളിത്തം ശക്തിപ്പെടുത്താനും ദക്ഷിണേന്ത്യയിലുടനീളം സാന്നിധ്യം വർദ്ധിപ്പിക്കാനും വണ്ടർലായ്ക്ക് അവസരം ലഭിക്കും. രാജ്യത്ത് അതിവേഗം വളരുന്ന ടൂറിസം രംഗത്തും വിനോദ മേഖലയിലും ശക്തമായ കാൽവയ്പ്പിന് വഴിയൊരുങ്ങുകയും ചെയ്യും. പ്രവേശന ടിക്കറ്റുകൾ https://bookings.wonderla.com/ എന്ന വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം. പാർക്കിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ടു വാങ്ങാനും അവസരമുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 044-35024222, 044-35024242.
Photo Caption: വണ്ടർലാ ഹോളിഡേയ്‌സ് ചെന്നൈ പാർക്ക് ഹെഡ് വൈശാഖ് രവീന്ദ്രൻ, സിഒഒ ധീരൻ ചൗധരി, എക്‌സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി, വിപി-എൻജിനീയറിങ് അജികൃഷ്ണൻ എ.ജി എന്നിവർ വാർത്താസമ്മേളനത്തിൽ നിന്ന്. (ഇടത്ത് നിന്ന്)
***
