
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ ‘സൂപ്പർഇവി’ എന്ന ഏകീകൃത മൊബൈൽ ആപ്പ് അവതരിപ്പിച്ച് ആമസോൺ സഹസ്ഥാപക സംരംഭമായ ദി ക്ലൈമറ്റ് പ്ലെഡ്ജ്. ഇന്ത്യൻ എനർജി ടെക് കമ്പനിയായ പൾസ് എനർജിയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങൽ, ചാർജിംഗ്, ധനസഹായം, ലീസിംഗ്, പുനരുപയോഗ ഊർജ്ജ ലഭ്യത എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. 85-ലധികം ചാർജിംഗ് പോയിന്റ് ഓപ്പറേറ്റർമാരുടെ 20,000-ത്തിലധികം ചാർജറുകളുമായി ആപ്പ് ഉപയോക്താക്കളെ ബന്ധിപ്പിക്കും. ഡ്രൈവർമാർക്ക് ചാർജറുകൾ കണ്ടെത്താനും ചാർജിംഗ് ആരംഭിക്കാനും യു.പി.ഐ വഴി പണമടയ്ക്കാനും സാധിക്കും. രാജ്യത്തെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
