Home » Blog » kerala Max » 2001-ലെ മണൽ നിയമം പൊളിച്ചെഴുതണം -നദികൾ ചെളിയിൽ മൂടുന്നു, നടപടി വൈകുന്നു

മാവേലിക്കര:കേരളത്തിലെ നദികളിലും ജലാശയങ്ങളിലും ചെളിയും എക്കലും മണലും അടിഞ്ഞുകൂടി ജലസംഭരണ ശേഷി പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു ശക്തമായ പേമാരി വന്നാൽ പോലും വെള്ളം ഒഴുകി പോകാനുള്ള വഴിയില്ലാത്ത സ്ഥിതിയാണ്. ഈ ദുരന്തത്തിന് പ്രധാന കാരണം 2001-ലെ `കേരള നദീതീര സംരക്ഷണവും മണൽ നീക്കം നിയന്ത്രണവും സംബന്ധിച്ച നിയമം` ആണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം തോമസ് സി. കുറ്റിശ്ശേരിൽ ആരോപിച്ചു.

നിലവിലെ നിയമപ്രകാരം നദിയിലെ ചെളിയും എക്കലും നീക്കം ചെയ്യാനുള്ള ചുമതല ജലവിഭവ വകുപ്പിനാണ്. എന്നാൽ മണൽ നീക്കം ചെയ്യണമെങ്കിൽ റവന്യൂ വകുപ്പിന്റെയും ജിയോളജി വകുപ്പിന്റെയും പ്രത്യേക അനുമതി കൂടി നിർബന്ധമാണ്.

ഈ മൂന്ന് വകുപ്പുകളുടെയും ഫയലുകൾ, മീറ്റിംഗുകൾ, പരിശോധനകൾ എന്നീ നടപടികൾ പൂർത്തിയാകുമ്പോഴേക്കും അടുത്ത മൺസൂൺ എത്തിച്ചേരുന്നു. തൽഫലമായി വർഷം തോറും നദികൾ കൂടുതൽ ആഴം കുറഞ്ഞ് വെള്ളപ്പൊക്ക സാധ്യത ഇരട്ടിക്കുന്നു.

ദുരന്ത നിവാരണത്തിന്റെ ഭാഗമായി അടിയന്തരമായി നദികൾ വൃത്തിയാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ നിലവിലെ നിയമത്തിലെ ഊരാക്കുടുക്കുകൾ കാരണം അത് സാധ്യമാകുന്നില്ല.

അതിനാൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ 2001-ലെ നിയമം അടിയന്തരമായി ഭേദഗതി ചെയ്ത്, നദി സംരക്ഷണത്തിന് ഏകജാലക സംവിധാനം കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് സി. കുറ്റിശ്ശേരിൽ ആവശ്യപ്പെട്ടു.