കൊച്ചി: രാജ്യത്തെ കാര്‍ബണ്‍ പുറം തള്ളല്‍ നെറ്റ് സീറോയിലെത്തിക്കുന്നതിനുള്ള ലക്ഷ്യത്തിലേക്ക് വലിയ പിന്തുണയുമായി ടാറ്റ മോട്ടോഴ്‌സും വി.ഒ. ചിദംബരനാര്‍ പോര്‍ട്ട് അതോറിറ്റിയും (വിഒസിപിഎ) തമ്മില്‍ ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു. തൂത്തുക്കുടി തുറമുഖത്ത് 40 ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്ന ഹെവിഡ്യൂട്ടി ട്രക്കുകള്‍ വിന്യസിക്കുന്നതിനാണ് ഈ കരാര്‍.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.കരാറിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് ആദ്യം ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രൈം മൂവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കും. തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തിനിടെ ഘട്ടംഘട്ടമായി 40 ഹൈഡ്രജന്‍ ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ ട്രക്കുകള്‍ തുറമുഖത്തിന് നല്‍കും. പദ്ധതിക്ക് ധനസഹായം നല്‍കുന്നത് കേന്ദ്ര തുറമുഖ മന്ത്രാലയമാണ്.ഗ്രീന്‍ ഹൈഡ്രജന്‍ ട്രക്കുകളുടെ വിന്യാസം തുറമുഖത്തെ ചരക്ക് കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുമെന്നും ഇതിനായി 2 മെഗാവാട്ട് ശേഷിയുള്ള ഇലക്ട്രോളൈസറും പ്രത്യേക ഹൈഡ്രജന്‍ റീഫ്യൂവലിംഗ് സ്‌റ്റേഷനും സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും വിഒസിപിഎ ചെയര്‍മാന്‍ സുശാന്ത കുമാര്‍ പുരോഹിത് പറഞ്ഞു.
ഹൈഡ്രജന്‍ ട്രക്കുകള്‍ തുറമുഖ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക സാധ്യതകള്‍ ഈ പദ്ധതി തെളിയിക്കുമെന്നും ശുദ്ധ ഇന്ധന ഉപയോഗത്തിലൂടെ തുറമുഖ മേഖലയിലെ മലിനീകരണം കുറയ്ക്കാനാണ് ലക്ഷ്യമെന്നും ടാറ്റ മോട്ടോഴ്‌സ് ട്രക്ക്‌സ് വിഭാഗം വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.പദ്ധതിയില്‍ ഉള്‍പ്പെടുന്ന ട്രക്കുകള്‍ ടാറ്റ മോട്ടോഴ്‌സിന്റെ പ്രൈമ 55 ടണ്‍ പ്രൈം മൂവര്‍ മോഡലുകളാണ്. സുരക്ഷയും ഡ്രൈവര്‍ സൗകര്യങ്ങളും മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വാഹനങ്ങള്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതത്തിന് സഹായകരമാകും.
ടാറ്റ മോട്ടോഴ്‌സ് ബാറ്ററി ഇലക്ട്രിക്, സി.എന്‍.ജി, എല്‍.എന്‍.ജി, ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ വാഹന വികസനത്തില്‍ മുന്‍പന്തിയിലാണ്. ഇതിനുമുമ്പ് ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകളും ബസുകളും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയിട്ടുണ്ട്.
