Home » Blog » kerala Mex » വിദേശത്ത് ആദ്യമായി ‘ഇന്ത്യന്‍ ഐഡല്‍’ ചിത്രീകരണം; യാസ് ഐലന്‍ഡ് എപ്പിസോഡുകള്‍ പുറത്തിറങ്ങി
IMG-20260227-WA0001

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സംഗീത റിയാലിറ്റി ഷോകളിലൊന്നായ ഇന്ത്യന്‍ ഐഡല്‍ (സീസണ്‍ 16) ചരിത്രത്തിലാദ്യമായി വിദേശ രാജ്യത്ത് ചിത്രീകരിച്ച പ്രത്യേക എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്തു. സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യയും അബുദാബിയിലെ പ്രമുഖ വിനോദകേന്ദ്രമായ യാസ് ഐലന്‍ഡും ചേര്‍ന്നാണ് ഈ പ്രത്യേക ചിത്രീകരണം സംഘടിപ്പിച്ചത്. അബുദാബിയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് യാസ് ഐലന്‍ഡിലാണ് മത്സര രംഗങ്ങള്‍ ചിത്രീകരിച്ചത്.

‘യാദോം കി പ്ലേലിസ്റ്റ്’ എന്ന ആശയത്തോടെയായിരുന്നു പ്രത്യേക എപ്പിസോഡുകളുടെ ചിത്രീകരണം. ഇക്കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളില്‍ സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷനിലും സോണി ലിവ് പ്ലാറ്റ്‌ഫോമിലും ഈ ഭാഗങ്ങള്‍ സംപ്രേഷണം ചെയ്തു. ഷോയുടെ സ്ഥിരം വിധികര്‍ത്താക്കളായ പ്രശസ്ത റാപ്പറും പ്രൊഡ്യൂസറുമായ ബാദ്ഷാ, സംഗീതസംവിധായകന്‍ വിശാല്‍ ദദ്ലാനി എന്നിവര്‍ക്ക് പുറമെ ഗായിക മധുബന്തി ബാഗ്ചി അതിഥി വിധികര്‍ത്താവായും പങ്കെടുത്തു. ആദിത്യ നാരായണ്‍ പരിപാടിയുടെ അവതാരകനായി.

ഇന്ത്യന്‍ ഐഡലിനെ ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് യാസ് ഐലന്‍ഡിന് അഭിമാനകരമായ നിമിഷമാണെന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സ്നേഹിക്കുന്ന ഒരു ഷോ തങ്ങളുടെ മണ്ണിലെത്തിയത് സാംസ്‌കാരിക വിനിമയത്തിന്റെ മികച്ച ഉദാഹരണമാണെന്നും മിരാല്‍ ഡെസ്റ്റിനേഷന്‍സ് സിഇഒ ലിയാം ഫിന്‍ഡ്ലേ പറഞ്ഞു. ഇത് വെറും ചിത്രീകരണമല്ലെന്നും ഇന്ത്യന്‍ ഐഡലിന്റെ വ്യാപ്തി ആഗോളതലത്തിലേക്ക് വികസിപ്പിക്കുന്ന ശ്രമത്തിന്റെ ഭാഗമാണെന്ന് സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യ ലീനിയര്‍ ആഡ് സെയില്‍സ് ഹെഡ് അക്ഷയ് അഗര്‍വാളും വ്യക്തമാക്കി.