ഗുരുഗ്രാം, ഇന്ത്യ – മെയ് 30, 2026: ഈ വർഷം പുറത്തിറങ്ങിയ സാംസങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ശ്രേണിയായ ഗാലക്സി എസ്26 സീരീസിലെ നിരവധി എ.ഐ ഫീച്ചറുകളുടെ വികസനത്തിൽ നോയിഡയിലെ സാംസങ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ (എസ്.ആർ.ഐ-നോയിഡ) നിർണായക പങ്കുവഹിച്ചതായി കമ്പനി അറിയിച്ചു.
“മൂന്ന് വർഷം മുൻപാണ് ഞങ്ങൾ എ.ഐ മേഖലയിൽ പ്രവർത്തനം ആരംഭിച്ചത്. ഗാലക്സി എസ്26 സീരീസിനായി ‘നൗ നഡ്ജ്’, ‘നൗ ബ്രീഫ്’ ഫീച്ചറുകൾ ദക്ഷിണ കൊറിയയിലെ സുവോൺ ആർ&ഡി ഓഫീസുമായി ചേർന്നാണ് വികസിപ്പിച്ചത്,” എന്ന് എസ്.ആർ.ഐ-നോയിഡ മാനേജിംഗ് ഡയറക്ടർ ക്യുങ്യുൻ റൂ പറഞ്ഞു. “നൗ നഡ്ജ്” ഉപയോക്താവിന് സാഹചര്യാനുസൃതമായ നിർദേശങ്ങൾ നൽകുമ്പോൾ, “നൗ ബ്രീഫ്” പ്രധാനപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട സമയോചിത ഓർമ്മപ്പെടുത്തലുകൾ നൽകുന്നു.
ഗാലക്സി എസ്26 സീരീസിനായി എസ്.ആർ.ഐ-നോയിഡ എൻജിനീയർമാർ പങ്കാളികളായി വികസിപ്പിച്ച മറ്റ് പ്രധാന എ.ഐ ഫീച്ചറുകളിൽ “ക്രിയേറ്റീവ് സ്റ്റുഡിയോ”, “കോൾ സ്ക്രീനിംഗ്”, “ഡയറക്ട് വോയ്സ്മെയിൽ” എന്നിവയും ഉൾപ്പെടുന്നു. “ക്രിയേറ്റീവ് സ്റ്റുഡിയോ” ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കാനും ഫോട്ടോകൾ മാറ്റിമറിക്കാനും സ്റ്റിക്കറുകളും വാൾപേപ്പറുകളും തയ്യാറാക്കാനും സാധിക്കും. “കോൾ സ്ക്രീനിംഗ്” ഫീച്ചർ വ്യക്തിഗത അസിസ്റ്റന്റിനെപ്പോലെ പ്രവർത്തിച്ച് കോളുകൾ എ.ഐ വഴി സ്വീകരിക്കാനും ട്രാൻസ്‌ക്രൈബ് ചെയ്യാനും ഫിൽട്ടർ ചെയ്യാനും സഹായിക്കുന്നു.
“ഡയറക്ട് വോയ്സ്മെയിൽ ഫീച്ചർ ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചത്. ആദ്യം ഇത് ഗാലക്സി എ സീരീസിൽ അവതരിപ്പിച്ചുവെങ്കിലും ഈ വർഷം ഗാലക്സി എസ്26 സീരീസിലും ഉൾപ്പെടുത്തി,” റൂ വ്യക്തമാക്കി. 2007-ൽ സ്ഥാപിതമായ എസ്.ആർ.ഐ-നോയിഡയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ എ.ഐ, സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, വെയറബിൾ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവും സേവനവുമായ വികസനങ്ങളാണ്.
ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പുതിയ ഫീച്ചറുകളുടെ വികസനത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നതായും റൂ പറഞ്ഞു. ഗാലക്സി എസ്26 അൾട്രയിൽ അവതരിപ്പിച്ച “പ്രൈവസി ഡിസ്പ്ലേ” ഫീച്ചർ ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ നിരവധി ഒ.ടി.പി സന്ദേശങ്ങൾ വരാറുണ്ട്. സാധാരണ പ്രൈവസി ഫിലിമുകൾ ഉപയോഗിക്കുമ്പോൾ സ്‌ക്രീനിലെ വിവരങ്ങൾ മുഴുവൻ മറഞ്ഞുപോകും. എന്നാൽ പുതിയ പ്രൈവസി ഡിസ്പ്ലേ നോട്ടിഫിക്കേഷൻ ഏരിയ മാത്രം സംരക്ഷിക്കുന്നതിനാൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
എസ്.ആർ.ഐ-നോയിഡയിലെ ജീവനക്കാർക്ക് മെഷീൻ ലേണിംഗ്, എ.ഐ മേഖലകളിൽ ഐ.ഐ.ടി സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും, ദക്ഷിണ കൊറിയയുമായുള്ള എൻജിനീയർ എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ ആഗോള തലത്തിൽ ഏകോപിതമായ സഹകരണം ഉറപ്പാക്കുന്നുണ്ടെന്നും റൂ കൂട്ടിച്ചേർത്തു.
