Home » Blog » kerala Mex » വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഫ്ളെക്സി കാപ് ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു
Rahul Singh, CIO-Equities Tata Asset Management

തിരുവനന്തപുരം: താരതമ്യേന കുറഞ്ഞ തോതില്‍ മാത്രം ചാഞ്ചാട്ടവും സന്തുലിതമായ വളര്‍ച്ചയും ലക്ഷ്യമിടുന്ന നിക്ഷേപകരുടെ പ്രിയപ്പെട്ട വിഭാഗമായി ഫ്ളെക്സി കാപ് ഫണ്ടുകള്‍ മാറുന്നു. നിക്ഷേപക പ്രവണതകളിലെ ഗണ്യമായ മാറ്റം ചൂണ്ടിക്കാട്ടുന്ന വിധത്തിലാണ് ഇതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് പ്രതീക്ഷയോടു കൂടിയ നിക്ഷേപമാണ് ഓഹരി വിഭാഗത്തിലെ മറ്റു പദ്ധതികളെ അപേക്ഷിച്ച് ഫ്ളെക്സി ഫണ്ടുകളോട് ഉള്ളതെന്ന് 2025 വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരത്തെ ചെറുകിട നിക്ഷേപകര്‍ക്കിടയിലും ഇതേ പ്രവണതകള്‍ തന്നെയാണ് ദൃശ്യമാകുന്നത്.

ആംഫിയുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2025 വര്‍ഷം ഫ്ളെക്സി കാപ് വിഭാഗത്തിലെ അറ്റ നിക്ഷേപം 80,978 കോടി രൂപയാണ്. സ്മോള്‍ കാപ് വിഭാഗത്തിലെ 52,321 കോടി രൂപ, മിഡ് കാപ് വിഭാഗത്തിലെ 49,939 കോടി രൂപ എന്നിവയെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയോളമാണിത്. മുന്‍ മാസത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവോടെ 10,019.27 കോടി രൂപ എന്ന എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപവുമായി 2025 ഡിസംബറില്‍ ഇത് അതിന്‍റെ ഉച്ചസ്ഥായിയിലും എത്തി.

ഈ പ്രവണതയോട് ഒപ്പം ടാറ്റാ ഫ്ളെക്സി കാപ് ഫണ്ടിലും ഉപഭോക്താക്കളുടെ വർധിച്ച താല്‍പര്യമാണ് ദൃശ്യമായത്. 2025 ഡിസംബര്‍ 31-ലെ കണക്കുകള്‍ പ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 27.5 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ചയോടെ ഏകദേശം 3700 കോടി രൂപയിലെത്തി. തിരുവനന്തപുരത്തും ഇതേ പ്രവണത ദൃശ്യമാണ്. ടാറ്റാ ഫ്ളെക്സി കാപ് ഫണ്ടിന്‍റെ ആകെ വില്‍പന 2026 ജനുവരിയില്‍ 47,74,486 രൂപയായിരുന്നു. 2025 ജനുവരിയെ അപേക്ഷിച്ച് 354 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. ചെറുകിട കേന്ദ്രങ്ങളിലെ റീട്ടെയില്‍ നിക്ഷേപകര്‍ കൂടുതലായി പങ്കാളികളാകുന്നതും വര്‍ധിച്ചു വരുന്ന ബോധവല്‍ക്കരണവുമാണിതു സൂചിപ്പിക്കുന്നത്.

വിപണി ഘട്ടങ്ങളില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ ഫ്ളെക്സി കാപ് പദ്ധതികള്‍ മികച്ച തന്ത്രമായി മാറുമെന്നും വിപണി ഘട്ടങ്ങളില്‍ തീരുമാനമെടുക്കേണ്ട ബാധ്യത നിക്ഷേപരില്‍ ഉണ്ടാകില്ലെന്നും ടാറ്റാ അസറ്റ് മാനേജുമെന്‍റ് സിഐഒ- ഇക്വീറ്റീസ് രാഹുൽ സിംഗ് ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തിലെ നേട്ടങ്ങളെ കുറിച്ചു കൂടുതല്‍ ബോധവല്‍ക്കരണം നടത്താനായി ടാറ്റാ മ്യൂചല്‍ ഫണ്ട് ഫുള്‍ ഫ്ളെക്സി കാമ്പെയിനും തുടക്കം കുറിച്ചിട്ടുണ്ട്.