കൊച്ചി: അടിസ്ഥാന സൗകര്യ എഞ്ചിനീയറിങ്് സോഫ്റ്റ്‌വെയര്‍ രംഗത്തെ ആഗോള പ്രമുഖ സ്ഥാപനമായ ബെന്റ്‌ലി സിസ്റ്റംസ്, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സിഇടി) എന്നിവ തമ്മില്‍ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വ്യവസായോന്മുഖ കഴിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണം.
ധാരണാപത്രത്തിന്റെ ഭാഗമായി സിഇടി ക്യാമ്പസില്‍ ‘സെന്റര്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്നവേഷന്‍’ സ്ഥാപിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രായോഗിക പരിശീലനം, ഗവേഷണം, പ്രത്യേക പരിശീലന പരിപാടികള്‍ എന്നിവയ്ക്കായി പ്രത്യേക സൗകര്യം ഇവിടെ ഒരുക്കും. സുസ്ഥിര രൂപകല്‍പ്പന, ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ രീതികള്‍, എഐയും ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ച ആസ്തി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ബെന്റ്‌ലിയുടെ മൈക്രോസ്റ്റേഷന്‍, ഓപ്പണ്‍റോഡ്‌സ്, ഓപ്പണ്‍ഫ്‌ളോവ്‌സ് തുടങ്ങിയ പ്രമുഖ സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഉപയോഗിച്ച് പഠിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ ബെന്റ്‌ലി എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോം മുഖേന സര്‍ട്ടിഫിക്കേഷന്‍, പ്രോജക്ട് അധിഷ്ഠിത പരിശീലനം തുടങ്ങിയവയും ലഭ്യമാക്കും.
ഇന്ത്യയിലെ അടുത്ത തലമുറ അടിസ്ഥാന സൗകര്യ വിദഗ്ധരെ വളര്‍ത്തിയെടുക്കുന്നതില്‍ തങ്ങള്‍ പ്രതിബദ്ധരാണെന്നും സിഇടിയുമായുള്ള സഹകരണം ഡിജിറ്റല്‍ പഠനവും ഗവേഷണവും ശക്തിപ്പെടുത്തുമെന്നും ബെന്റ്‌ലി സൗത്ത് ഏഷ്യ റീജിയണല്‍ എക്‌സിക്യൂട്ടീവ് കമലാകണ്ണന്‍ തിരുവാടി പറഞ്ഞു.
ബെന്റ്‌ലി സിസ്റ്റവുമായുള്ള ധാരണാപത്രം സിഇടിക്ക് ഒരു പ്രധാന നേട്ടമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക സാങ്കേതികവിദ്യകളില്‍ കൂടുതല്‍ പ്രായോഗിക പരിചയം നേടാന്‍ ഇത് സഹായിക്കുമെന്നും സിഇടി പ്രിന്‍സിപ്പല്‍ ഡോ. സുരേഷ് കെ പറഞ്ഞു.
