പുറത്തിറക്കുന്ന ആദ്യ വാഹനം റേഞ്ച് റോവര്‍ ഇവോക്
കൊച്ചി: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് (ടിഎംപിവി)ന്റെ ഉപകമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഓട്ടോമോട്ടീവ് പിഎല്‍സി (ജെഎല്‍ആര്‍)യും ചേര്‍ന്ന് തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ പനപാക്കത്ത് സ്ഥാപിച്ച പുതിയ നിര്‍മാണശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പ്ലാന്റിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്. ടിഎംപിവിയും ജെഎല്‍ആര്‍ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ—നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന ഈ പ്ലാന്റില്‍ നിന്നും ആദ്യ വാഹനമായ ജെഎല്‍ആറിന്റെ ആഡംബര എസ്‌യുവി റേഞ്ച് റോവര്‍ ഇവോക് പുറത്തിറക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ടാറ്റ സണ്‍സ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും ചേര്‍ന്നാണ് നിര്‍മാണശാല ഉദ്ഘാടനം ചെയ്തത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടിഎംപിവി, ജെഎല്‍ആര്‍, ടാറ്റ ഗ്രൂപ്പ് എന്നിവയുടെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യനിര്‍മാണത്തില്‍ ടാറ്റ ഗ്രൂപ്പിന് നിര്‍ണായക പങ്കുണ്ടെന്നും തമിഴ്‌നാടുമായി ടാറ്റ ഗ്രൂപ്പിന് ദീര്‍ഘകാലവും ചരിത്രപരവുമായ ബന്ധമുണ്ടെന്നും പനപാക്കം പ്ലാന്റിന്റെ പ്രവര്‍ത്തനാരംഭവും ആദ്യ റേഞ്ച് റോവര്‍ ഇവോകിന്റെ പുറത്തിറക്കലും സംസ്ഥാനത്തിന്റെ ലോകോത്തര ഓട്ടോമോട്ടീവ് നിര്‍മാണ ശേഷിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ പറഞ്ഞു.
പനപാക്കം പ്ലാന്റിന്റെ ഉദ്ഘാടനം സുസ്ഥിരവും നിര്‍മാണ രംഗത്ത് ഇന്ത്യയുടെ നേതൃസ്ഥാനത്തെ വേഗത്തിലാക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണെന്നും മികച്ച ഗുണനിലവാരവും സാങ്കേതിക മികവും കൈവരിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയ്ക്കും ലോകത്തിനും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.
അത്യാധുനിക നിര്‍മാണ സാങ്കേതികവിദ്യകളും പ്രാവീണ്യമുള്ള തൊഴിലാളികളും ഒന്നിക്കുന്നതാണ് ടിഎംപിവിയുടെ പനപാക്കം പ്ലാന്റ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഷോപ്പ്ഫ്‌ളോര്‍ ടെക്‌നീഷ്യന്‍മാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവര്‍ ടാറ്റ മോട്ടോഴ്‌സിന്റെ ‘ലക്ഷ്യ’ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നേടിയത്—’പഠിക്കുമ്പോള്‍ സമ്പാദിക്കുക’ മാതൃകയില്‍, എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് തലങ്ങളിലേക്ക് വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് പദ്ധതി.
അഞ്ചുമാസത്തെ കര്‍ശനമായ പരിശീലനം ജെഎല്‍ആര്‍ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജോലി ചെയ്യുന്നതിനൊപ്പം കമ്പനിയുടെ പിന്തുണയോടെ പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് ബി.ടെക് ബിരുദം നേടാനുള്ള അവസരവും ഇവര്‍ക്കുണ്ട്.
പ്ലാന്റിലെ വാഹന ഉത്പാദനം ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് അടുത്ത അഞ്ചു മുതല്‍ ഏഴു വര്‍ഷത്തിനകം വര്‍ഷം 2.5 ലക്ഷം വാഹനങ്ങളുടെ പൂര്‍ണ ശേഷിയിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യന്‍ വിപണിക്കും അന്താരാഷ്ട്ര വിപണികള്‍ക്കും വേണ്ടിയാണ് ഉത്പാദനം.
ഈ നിര്‍മാണശാലയെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അനുയോജ്യമായ അത്യാധുനിക കേന്ദ്രമാക്കാന്‍ ഏകദേശം 9,000 കോടി രൂപ നിക്ഷേപിക്കാനാണ് ടിഎംപിവിയുടെ ലക്ഷ്യം. ഇതിലൂടെ 5,000ത്തിലധികം പേര്‍ക്ക് നേരിട്ടും പരോക്ഷവുമായി തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
പനപാക്കം പ്ലാന്റ് പൂര്‍ണമായും നവീകരണ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതും, ജലസമതുലിത സംവിധാനങ്ങളോടുകൂടിയതുമാണ്. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഘട്ടങ്ങളിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ പ്ലാന്റ്, വാഹന നിര്‍മാണ രംഗത്ത് ഹരിത നിര്‍മാണത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്ന് ടിഎംപിവി വ്യക്തമാക്കി.
