കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) സമ്മാൻ ക്യാപിറ്റലിനെ അബുദാബി ആസ്ഥാനമായ ഇൻ്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐഎച്ച്സി) ഏറ്റെടുത്തു. ആദ്യഘട്ടത്തിൽ 5,652 കോടി രൂപയുടെ നിക്ഷേപമാണ് ഐഎച്ച്സി നടത്തിയത്. മുൻഗണനാ ഓഹരികൾ, വാറന്റുകൾ ഉൾപ്പെടെ 41.5 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തമാണ് ഐഎച്ച്സി നേടിയത്. ഒന്നര വർഷത്തിനുള്ളിൽ 3,198 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ സമ്മാൻ ക്യാപിറ്റലിന്റെ 63.3 ശതമാനം ഓഹരികളും ഐഎച്ച്സി കരസ്ഥമാക്കും. ഐഎച്ച്സിയുടെ അനുബന്ധ സ്ഥാപനമായ അവെനീർ ഇൻവെസ്റ്റ്മെന്റ് വഴിയാണ് നിക്ഷേപം നടത്തുന്നത്. ആഗോളതലത്തിൽ 22.4 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന, ഐഎച്ച്സിയുടെ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ ജുഡാൻ ഫിനാൻഷ്യലിന് കീഴിലാകും സമ്മാൻ ക്യാപിറ്റൽ പ്രവർത്തിക്കുക. ഭവന വായ്പകൾക്കു പുറമെ എല്ലാവിധ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്ന രാജ്യത്തെ മുൻനിര എൻബിഎഫ്സി ആകുകയാണ് ലക്ഷ്യമിടുന്നതെന്ന് സമ്മാൻ ക്യാപിറ്റൽ ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ ഗഗൻ ബംഗ പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ മുഴുവൻ ആളുകളിലേക്കും സേവനമെത്തിക്കുകയാണ് വിപുലീകരണത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2029ഓടെ ഇന്ത്യയിലുടനീളം 1500 ശാഖകൾ തുറക്കുമെന്നും ഗഗൻ ബംഗ അറിയിച്ചു. നിലവിൽ 220 ശാഖകളാണ് സമ്മാൻ ക്യാപിറ്റലിനുള്ളത്.
