ആലപ്പുഴ, മാർച്ച് 23, 2026: സന്താരി ദിനാഘോഷങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസിൻ്റെ സി.എസ്.ആർ പദ്ധതിയായ ‘മുത്തൂറ്റ് സ്നേഹാശ്രയ’യുമായി സഹകരിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സന്താരി പേൾ ബീച്ച് റിസോർട്ടിൽ മാർച്ച് 25 ബുധനാഴ്ച രാവിലെ 7 മണി മുതൽ 9.30 വരെയായിരിക്കും സൗജന്യ രക്ത പരിശോധന. മാരാരി പ്രദേശവാസികൾക്കും സന്താരി റിസോർട്ടിലെ അതിഥികൾക്കും ജീവനക്കാർക്കും അടിസ്ഥാന ആരോഗ്യപരിശോധനകൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപിക്കുന്നത്.
മാരാരിക്കുളം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. സനിൽ രാവിലെ 8 മണിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാ. ആന്റണി ജേക്കബ് പനഞ്ചിക്കൽ (സെന്റ് ഓഗസ്റ്റിൻ പള്ളി, മാരാരിക്കുളം) ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. രാവിലെ നടത്തിയ പരിശോധനകളുടെ ഫലങ്ങൾ വൈകുന്നേരം 3 മണി മുതൽ വിതരണം ചെയ്യും, ഒപ്പം ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ഇത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സ്വന്തം ആരോഗ്യനില മനസ്സിലാക്കാനും വിദഗ്ധ നിർദേശങ്ങൾ തേടാനും സഹായിക്കും. കേവലം ഒരു പ്രാഥമിക പരിശോധന എന്നതിലുപരി, ഈ പദ്ധതിയുടെ പ്രയോജനം ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കാനും ഇതിലൂടെ സാധിക്കും.
