Home » Blog » kerala Mex » പുരസ്‌കാര നിറവില്‍ കെഫോണ്‍: മികച്ച ബ്രോഡ്ബാൻഡ് കമ്പനിയായി രാജ്യാന്തര അംഗീകാരം
IMG-20260314-WA0005

തിരുവനന്തപുരം, മാർച്ച് 13, 2026:കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെഫോൺ) രാജ്യാന്തര അംഗീകാരം. ഏഷ്യൻ ടെലികോം മാഗസിൻ സംഘടിപ്പിച്ച ‘ഏഷ്യൻ ടെലികോം അവാർഡ്‌സ് 2026’-ൽ ‘ബ്രോഡ്ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ’ പുരസ്‌കാരത്തിനാണ് കെഫോൺ അർഹമായത്.

ഏഷ്യയിലെ ടെലികോം മേഖലയിലെ നൂതനമായ മാറ്റങ്ങളെയും മികച്ച സേവനങ്ങളെയും ആദരിക്കുന്നതിനായി ഏഷ്യയിലെ മുൻനിര അന്താരാഷ്ട്ര മൊബൈൽ-വാർത്താവിനിമയ പ്രസിദ്ധീകരണമായ ഏഷ്യൻ ടെലികോം നൽകുന്നതാണ് ഈ പുരസ്‌കാരം. കേരളത്തിലുടനീളം ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും കെഫോൺ നടത്തുന്ന ഇടപെടലുകളാണ് പുരസ്‌കാരത്തിന് വഴിയൊരുക്കിയത്.

ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനത്ത് കെഫോൺ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം 32,000 കിലോമീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ ശൃംഖല പൂർത്തിയാക്കുകയും, ജില്ലാതല ഇന്റർനെറ്റ് ഗേറ്റ്‌വേകളായി പ്രവർത്തിക്കുന്ന 375 പോയിന്റ് ഓഫ് പ്രസൻസ് (POP) സെന്ററുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.. കൊച്ചിയിലെ അത്യാധുനിക നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ (NOC) വഴി തടസ്സമില്ലാത്ത സേവനമാണ് ഉറപ്പാക്കുന്നത്.

“ഏഷ്യൻ ടെലികോം അവാർഡ്‌സിൽ ‘ബ്രോഡ്‌ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ’ പുരസ്കാരം ലഭിച്ചത് കെഫോണിലെ എല്ലാവർക്കും അഭിമാനകരമായ നിമിഷമാണ്. ഡിജിറ്റൽ വിടവ് നികത്തി സാധാരണക്കാർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. സാങ്കേതികവിദ്യയിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ഞങ്ങളുടെ ലക്ഷ്യം,” കെഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.

നിലവിൽ 1.5 ലക്ഷത്തിലധികം കണക്ഷനുകൾ പദ്ധതിയിലൂടെ നൽകിക്കഴിഞ്ഞു. വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിലൂടെ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്കാണ് കെഫോൺ വഹിക്കുന്നത്.