Home » Blog » kerala Mex » വികസനത്തിന്റെ ഒരു ദശാബ്ദം: സമ്പൂർണ ഡിജിറ്റലൈസേഷൻ കെഫോണിലൂടെ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശ്രദ്ധേയമായ വികസന മുന്നേറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ അടിസ്ഥാന സൗകര്യ വികസനത്തിന് പുതുവഴികൾ തുറന്ന് നൽകിയതും അതിന്റെ ഫലങ്ങൾ ജനങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്നതുമാണ്. ടെലികോം-ഡിജിറ്റൽ മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരാൻ നമ്മുടെ സർക്കാരിന് സാധിച്ചിട്ടുണ്ട്. കെഫോൺ, ഡിജിറ്റൽ കേരളം, ഡിജിറ്റൽ സാക്ഷരത, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഡിജിറ്റലൈസേഷൻ തുടങ്ങിയവയെല്ലാം ഈ കാലയളവിലെ കേരള സർക്കാരിന്റെ പ്രധാനപ്പെട്ട വികസന പദ്ധതികളായിരുന്നു. ഇതിൽ എടുത്ത് പറയണ്ടതും മറ്റു പദ്ധതികൾക് അടിത്തറയൊരുക്കിയതുമായ പദ്ധതിയാണ് കെഫോൺ. ഇതുവഴി ടെലികോം രംഗത്തെ അടിസ്ഥാന വികസനത്തിലൂടെ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിന്റെ എല്ലാ മേഖലകളിലും ഇന്റർനെറ്റ് എത്തിക്കാനായതോടെ സമ്പൂർണ സാക്ഷര സംസ്ഥാനം എന്ന അഭിമാനകരമായ നേട്ടത്തോടൊപ്പം തന്നെ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനം എന്ന് എടുത്തു പറയാവുന്ന മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് കേരളം. കൂടാതെ സ്വകര്യ ഇന്റർനെറ്റ് ദാതാക്കൾ ആധിപത്യം സ്ഥാപിച്ചിരുന്ന ടെലികോം വിപണിയിൽ രാജ്യത്ത് തന്നെ ആദ്യമായി ഒരു സർക്കാർ ഇന്റർനെറ്റ് സേവനദാതാവാകുന്നു എന്ന പ്രത്യേകതയും കെഫോണിനുണ്ട്.

എന്താണ് കെഫോൺ ?, ഈ പദ്ധതികൊണ്ട് സർക്കാർ ലക്ഷ്യമിടുന്നതെന്ത് ?, വ്യത്യസ്‍ത ഭൂപ്രകൃതിയുള്ള കേരളത്തിൽ ഈ പദ്ധതി വിജയിക്കുമോ? കെഫോൺ എന്ന ആശയം മുന്നോട് വെച്ചപ്പോൾ പല കോണുകളിൽ നിന്നും ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ സർക്കാരിന് നേരിടേണ്ടി വന്നു . എന്നാൽ ആദ്യ ഘട്ടത്തിൽ ചെറിയ രീതിയിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നുവെങ്കിലും പിന്നീട് വൻ ജനസ്വീകാര്യത കെഫോണിന് ലഭിച്ചു. ഇതിന്റെ തെളിവാണ് ആരംഭിച്ച രണ്ടര വർഷത്തിൽ തന്നെ 1,50,000 ത്തിലധികം കണക്ഷനുകൾ നൽകാനായത്. 2019 ലാണ് കെഫോൺ ആരംഭിച്ചതെങ്കിലും 2023 ലാണ് ഔദ്യോഗികമായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കെഫോൺ ഉദ്ഘാടനം ചെയ്തത്.

സർക്കാർ സേവനങ്ങൾ, ജോലി, പഠനം എന്നിവ സംബന്ധിച്ച ആവശ്യങ്ങൾക്കെല്ലാം തന്നെ ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഇന്നുള്ളത്. അതുകൊണ്ട് തന്നെ ഇന്റർനെറ്റ് എന്നത് ഇന്നത്തെ സമൂഹത്തിൽ മാറ്റി നിർത്തപെടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതി മലയോര മേഖലകളിലും വിദൂര സ്ഥലങ്ങളിലും ഇന്റർനെറ്റ് ലഭ്യതയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഡിജിറ്റൽ വിഭജനം വലിയ തോതിൽ ഈ പ്രദേശങ്ങളെ ബാധിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് കെഫോൺ ജനങ്ങളിലേക്ക് എത്തിയത്.

കുറഞ്ഞ നിരക്കിൽ സുതാര്യമായ ഇന്റർനെറ്റ് എല്ലാവരിലേക്കും എത്തിക്കാൻ കെഫോൺ വഴി സർക്കാരിന് സാധിച്ചു. കണക്കുകൾ പ്രകാരം ഇന്ത്യയിലെ ജനങ്ങളിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ 67% നഗരങ്ങളിലാണ്. 31 % മാത്രമാണ് ഗ്രാമീണ ജനസംഖ്യയിൽ ഇന്റർനെറ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ വിപ്ലവത്തിന്റെ ഈ കലഘട്ടത്തിൽ ഇത്തരമൊരു വിടവ് വലുതാണ്. ഈ വിടവ് നികത്തുന്നതിന് കെഫോൺ വലിയ രീതിയിലുള്ള പങ്ക് വഹിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ കാരണങ്ങൾ മൂലം അടിസ്ഥാന ആശയവിനിമയം പോലും തടസപ്പെട്ടിരുന്ന പ്രദേശങ്ങളിലും സുതാര്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് കണക്ഷനുകൾ എത്തിക്കാൻ കെഫോണിന് കഴിഞ്ഞു. മാത്രമല്ല ഈ നേട്ടങ്ങൾ എല്ലാം തന്നെ കെഫോണിനെ മറ്റു സംസ്ഥാനങ്ങളും ഉറ്റു നോക്കുന്ന ഒരു പദ്ധതിയായി മാറ്റി.

4G, 5G തുടങ്ങിയ അത്യാധുനിക വയർലെസ് സാങ്കേതികവിദ്യകൾ ആശയവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമ്പോഴും, അവയുടെയെല്ലാം നട്ടെല്ലായി വർത്തിക്കുന്നത് ഒരു ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ്. മൊബൈൽ ടവറുകളിലൂടെ സിഗ്നലുകൾ എത്തിക്കുന്നതിന് പരിമിതികളുണ്ട്. എന്നാൽ ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴിയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സമില്ലാത്തതും അതിവേഗത്തിലുള്ളതുമായ വിവര കൈമാറ്റം ഉറപ്പാക്കുന്നു. ഇവിടെയാണ് കെഫോണിന്റെ പ്രസക്തിയും.

എല്ലാവർക്കും ഒരുപോലെ ഇന്റർനെറ്റ് ലഭ്യമായപ്പോൾ ഇ- ഗവേണൻസ് , ഇ- ഹെൽത്ത് എന്നിവ കൂടുതൽ എളുപ്പമാക്കുന്നതിനും സർക്കാരിന് സാധിച്ചു. സ്വകാര്യ ടെലികോം കമ്പനികൾ ഇന്റർനെറ്റ് ലഭ്യത കേവലമൊരു ലാഭോപാധിയായി കണ്ടപ്പോൾ സർക്കാർ അതൊരു ജനക്ഷേമ പദ്ധതിയായി മാറ്റി. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോഴും പ്രമുഖ സ്വകാര്യ സേവന ദാതാക്കളുമായി മത്സരത്തിനല്ല, മറിച്ച് ഇന്റർനെറ്റ് ലഭ്യതയില്ലാത്ത മേഖലകളിൽ സേവനം ഉറപ്പാക്കാനാണ് കെഫോൺ മുൻഗണന നൽകുന്നത്. വിവര സാങ്കേതിക വിദ്യ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഈ കാലത്ത് ഇന്റർനെറ്റിന്റെ അപ്രാപ്യത മൂലം അടിസ്ഥാന വികസനം പോലും നടക്കാത്ത പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇത്തരമൊരു അവസരത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് വളരെ കുറഞ്ഞ നിരക്കിലും ഇന്റർനെറ് ലഭ്യമാക്കാൻ കെഫോണിന് സാധ്യമായി. കെഎസ്ഇബിയും കെഎസ്ഐടിഐഎലും ചേർന്ന് 110/220 KV ട്രാൻസ്മിഷൻ ലൈനുകളിലൂടെ സ്ഥാപിച്ച 2,600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം 32,000 കിലോമീറ്ററിലധികം ഫൈബർ കേബളുകളാണ് കെഫോണിനായി ഒരുക്കിയിരിക്കുന്നത്.

ഡിജിറ്റൽ സാക്ഷരത, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ തുടങ്ങിയവയെല്ലാം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതിനോടൊപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് സ്ത്രീശാക്തീകരണവും. കെഫോൺ പോലുള്ള പദ്ധതികൾ വഴി സ്ത്രീശാക്തീകരണത്തിനും സർക്കാർ ശ്രമിക്കുന്നു. എന്നതിനുദാഹരണമാണ് ഷീ ടീം പോലുള്ള പദ്ധതികൾ. കൂടാതെ, ഈ വനിതാദിനത്തിൽ വനിതാ സംരംഭകർക്ക് പിന്തുണയുമായി വിമൺ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്കുമായി കൈകോർത്തിരിക്കുകയാണ് കെഫോൺ. ഇതിന്റെ ഭാഗമായി വനിതാ സംരംഭക സംഘടനകൾക്കും വനിതകൾ നേതൃത്വം നൽക്കുന്ന സ്റ്റാർട്ടപ്പുകൾക്കും കെഫോൺ വഴി ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് ഇതുവഴി നടപ്പിലാക്കാൻ പോകുന്നത്. കുറഞ്ഞ നിരക്കിൽ കെഫോൺ കണക്ഷനുകൾ ലഭ്യമാക്കുന്നതിലൂടെ വർക്ക് ഫ്രം ഹോം പോലുള്ള സാധ്യതകൾ വർധിക്കുകയും സ്ത്രീകൾക്ക് അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയും ചെയുന്നു. മാത്രമല്ല, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തന്നെ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക് ഇ-പ്ലാറ്റ്‌ഫോമുകൾ വഴി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുവാനും പ്രചരിപ്പിക്കുവാനും ഇതുവഴി സാമ്പത്തിക ഭദ്രത നേടുവാനും സാധിക്കുന്നു.

ഇന്റർനെറ്റ് സേവനം മാത്രമായി ഒതുക്കാതെ വിനോദ മേഖലയിലേക്കും കെഫോൺ ചുവടുവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെഫോൺ ഒടിടി സേവനങ്ങൾ വളരെ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുന്നു. 29 ലധികം ഒടിടി പ്ലാറ്റ്ഫോമുകളും 350 ലധികം ഡിജിറ്റൽ ടിവി ചാനലുകളും കെഫോൺ ഒടിടിയിൽ ലഭ്യമാണ്. 444 രൂപ മുതൽ ആരംഭിക്കുന്ന പാക്കേജുകളിൽ സ്റ്റാർ, വൈബ്, വൈബ് പ്ലസ് ,അമേസ്, അമേസ് പ്ലസ് എന്നി അഞ്ച് പ്ലാറ്റ്ഫോമുകൾ ലഭ്യമാണ്.

ഗാർഹിക കണക്ഷനുകളിൽ മാത്രമായി ഒതുങ്ങാതെ സർക്കാർ സ്ഥാപനങ്ങളിലും കെഫോൺ കണക്ഷനുകൾ 2023 മുതൽ നൽകി വരുന്നു. ഇതോടെ ഇ- ഗവേണൻസ് പോലുള്ള സേവനങ്ങൾ കൂടുതൽ ശക്തമാവുകയും സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കാലതാമസം കൂടാതെ ലഭ്യമാകുകയും ചെയുന്നു.

കെഫോണിന്റെ മറ്റൊരു സേവനമാണ് ഇന്‍ട്രാനെറ്റ് സര്‍വീസ്. ധാരാളം ഉപഭോക്താക്കൾ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വീസുകള്‍ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ ഒരു ഓഫീസിന്റെ പ്രധാന ശാഖയും മറ്റ് ശാഖകളും തമ്മിലും പ്രധാന ഓഫീസുകള്‍ തമ്മിലും ബന്ധിപ്പിക്കുന്നതിനും ഡാറ്റകൾ കൈമാറുന്നതിനും ഈ സേവനം വഴി സാധിക്കുന്നു.

വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും കെഫോൺ തരംഗം സൃഷ്ട്ടിച്ചിട്ടുണ്ട്. സ്കൂളുകളിൽ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ കെഫോൺ സഹായകമായിട്ടുണ്ട് .കുട്ടികളുടെ പഠനപ്രവർത്തങ്ങൾ കൂടുതൽ മികവുള്ളതാക്കാനും ഡിജിറ്റൽ ലോകത്തിന്റെ കൗതുകങ്ങൾ അവരിലേക്ക് എത്തിക്കാനും കൂടാതെ അദ്ധ്യാപകർക്ക് പഠനാവശ്യങ്ങൾക്കും മറ്റുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതും എളുപ്പമാക്കി.കൂടാതെ സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തടസങ്ങൾ ഇല്ലാതെ വളരെ സുഗമമായി ലഭ്യമാക്കുന്നതിന് കെഫോൺ കണക്ഷനുകൾ സഹായകമായി.

കൊച്ചി ഇൻഫോപാർക്കിൽ സജ്ജീകരിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സെന്ററാണ് കെഫോണിന്റെ തലച്ചോറായി പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും കെഎസ്ഇബി സബ്‌സ്‌റ്റേഷനുകളിലുള്ള പോയിന്റ് ഓഫ് പ്രസൻസ് സെന്ററുകൾ വഴിയാണ് കേരളത്തിലുടനീളം കെഫോൺ കണക്ഷനുകൾ എത്തിക്കുന്നത്. കെഫോൺ നെറ്റ്‌വർക്ക് ട്രാഫിക്ക് കൂടുതൽ കാര്യക്ഷമാക്കുന്നതിനും, ഡാറ്റാ ഉപഭോഗം ഉയരുന്ന സാഹചര്യത്തിൽ സേവന നിലവാരം നിലനിർത്തുന്നതിനും കെഫോൺ കൊണ്ടുവന്ന മെറ്റാ കാഷിംഗ് വളരെ ശ്രദ്ധേയമാണ്.

2022 ലാണ് കേരളത്തിലെവിടെയും കണക്ഷനുകൾ നൽകാനുള്ള ഐഎസ്പിബി ലൈസൻസ് കെഫോൺ നേടുന്നത്. 2024 ൽ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷനിൽ നിന്ന് നാഷണൽ ലോങ്ങ് ഡിസ്റ്റൻസ് ലൈസൻസ് ലഭിച്ചത് വഴി പോയിന്റ് – ടു – പോയിന്റ് , ഇന്റർനെറ്റ് ലീസ് ലൈൻ , വിപിഎൻ , എംപിഎൽഎസ് കണക്ടിവിറ്റി എന്നിവ നൽകാൻ കെഫോണിന് സാധിക്കുന്നു. കൂടാതെ ദേശിയ തലത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ – കാറ്റഗറി എ ലൈസൻസും കെഫോൺ നേടിയിട്ടുണ്ട്. 2026 ൽ രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കാനാണ് കെഫോൺ ശ്രമിക്കുന്നത്.

ഗ്രാമ പ്രദേശങ്ങളിൽ മാത്രമല്ല ആദിവാസി മേഖലകളിലും ഗതാഗതം പോലും ദുഷ്‌കരമായ വിദൂര പ്രദേശങ്ങളിലും കെഫോണിന് ഇന്റർനെറ്റ് സൗകര്യം എത്തിക്കാൻ കണക്ടിംഗ് ദി അൺകണക്ടഡ് വഴി സാധിച്ചിട്ടുണ്ട്. കമ്പനികളുടെ സിഎസ്ആർ ഫണ്ടുകളും തദ്ദേശ ജനപ്രതിനിധികളുടെ വികസന ഫണ്ടുകളുമുപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി മേഖലകളായ അട്ടപ്പാടി,തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ തുടങ്ങിയ മേഖലകളിൽ എല്ലാം കെഫോൺ കണക്ഷൻ എത്തിച്ചിട്ടുണ്ട്. ഇൻ്റർനെറ്റിൻ്റെ അഭാവം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കെഫോൺ കണക്ഷൻ ആശ്വാസമാണ്.

കെഫോൺ ഏറ്റവും കൂടുതൽ കണക്ഷനുകൾ നൽകിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. കെഫോണിന്റെ വിജയയാത്രയിൽ എടുത്ത് പറയേണ്ട ഒന്നാണ് ടെലികോം ഓപ്പറേറ്റർമാരുടെയും സ്‌തുത്യർഹമായ പ്രവർത്തനങ്ങൾ. കൂടാതെ ഏറ്റവും കൂടുതൽ കണക്ഷനുകൾ നൽകി സ്പുട്നിക് പ്ലാറ്റിനം കാറ്റഗറിയിലും ഇടം നേടിയിട്ടുണ്ട്. 299 രൂപ മുതൽ 1499 വരെയുള്ള പ്രതിമാസ പ്ലാനുകളാണ് കെഫോണിൽ ലഭ്യമായിട്ടുള്ളത്.

കേരളത്തെ സംബന്ധിച്ച് വികസനം എന്നത് കേവലം ഒരു പദ്ധതിയിലേക്കോ കണക്കുകളിലേക്കോ മാത്രം ചുരുങ്ങുന്ന ഒന്നായിരുന്നില്ല. മറിച്ച് ഉയർന്ന സാക്ഷരത, ശക്തമായ പൊതുആരോഗ്യ സംവിധാനം, സാമൂഹ്യസുരക്ഷ തുടങ്ങി മനുഷ്യവികസന സൂചികയിൽ തന്നെ മാറ്റം വരുത്താനുള്ള ശ്രമങ്ങളായിരുന്നു. നാലാം വ്യാവസായിക വിപ്ലവം എന്നറിയപ്പെടുന്ന ഡിജിറ്റൽ വിപ്ലവം സർക്കാരിന്റെ ഈ ശ്രമങ്ങൾക്ക് അടിത്തറ പാകുന്നതാണ്. കേരളം മുഴുവനായി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര സംസ്ഥാനം തന്നെ രൂപപ്പെടുത്തുന്നതിനും സർക്കാർ ശ്രമിക്കുന്നു. ഇതിനുവേണ്ടിയുള്ള പദ്ധതികളാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി സർക്കാർ നടപ്പിലാക്കി വരുന്നത്.
രാജ്യം ഡിജിറ്റൽ യുഗത്തിലേക്ക് അതിവേഗം കുതിക്കുമ്പോഴും , കേവലം മൊബൈൽ ഡാറ്റയെ മാത്രം ആശ്രയിച്ച് നിൽക്കുന്നത് പ്രായോഗികമല്ല. വലിയ ഫയലുകൾ കൈമാറുന്നതിനും, തടസ്സമില്ലാത്ത വീഡിയോ കോൺഫറൻസിംഗിനും, ഹൈ-ഡെഫനിഷൻ സ്ട്രീമിംഗിനും ഫൈബർ ഒപ്റ്റിക്സ് നൽകുന്ന ബാൻഡ്‌വിഡ്ത്ത് അനിവാര്യമാണ്. ചുരുക്കത്തിൽ, 4G-യും 5G-യും പുറംമോടിയാണെങ്കിൽ, ഇന്റർനെറ്റിന്റെ യഥാർത്ഥ കരുത്തും അടിത്തറയുമായ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ച് കെഫോൺ വഴി എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യം സാധ്യമാക്കുകയാണ് കേരള സർക്കാർ.
പുതിയ കെഫോൺ ഗാർഹിക കണക്ഷനുകൾ ലഭിക്കുന്നതിനായി EnteKFON മൊബൈൽ ആപ്പിലൂടെയോ www.kfon.in എന്ന കെഫോൺ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്. 1800 570 4466 എന്ന ടോൾ- ഫ്രീ- നമ്പറിൽ വിളിച്ചും കണക്ഷനുകൾക്കായി അപേക്ഷിക്കാം.
കെഫോണിന്റെ വിവിധ പ്ലാനുകളും ഓഫറുകളും അറിയുന്നതിനായി കെഫോൺ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ, അല്ലെങ്കിൽ 90616 04466 വാട്‌സ്ആപ്പ് നമ്പറിൽ “KFON Plans” എന്ന് മെസേജ് അയച്ചോ വിവരങ്ങൾ ലഭ്യമാക്കാം.