
തലവടി : വീപ്പ വെച്ച് റിബൺ കെട്ടി സുരക്ഷ ‘ ഒരുക്കിയ ‘ എടത്വ – തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്കിന് കൈവരി ആയി.വർഷങ്ങളായി കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു.മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘ സുരക്ഷ ‘ ഒരുക്കി. എന്നാൽ റിബൺ ദ്രവിച്ചു പോകുകയും പല അപകടങ്ങളും ഇവിടെ സംഭവിച്ചു.കോൺഗ്രസ് തലവടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ നില്പ് സമരം നടത്തിയിരുന്നു.
തുടർച്ചയായി ഉണ്ടാകുന്ന അപകടത്തെ തുടർന്ന് പുതിയ കലുങ്ക് നിർമ്മി ച്ച് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് ജോയി ചെക്കന്നാട്, ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി, ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി ഭാരവാഹികളായ പി.ഇ മാത്യു, സന്തോഷ് മാത്യു, ശ്രീകല എസ് നായർ, രജീഷ്കുമാർ പൊയ്യാലുമാലിൽ, ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ചെറിയാൻ ജോർജ്ജ്, ജയിംസ് ചീരംക്കുന്നേൽ എന്നിവരുടെ നേതൃത്വത്തില് റജി ചെറിയാൻ എംഎൽഎ ക്ക് നിവേദനം നല്കി. ചില ആഴ്ചകൾക്ക് മുമ്പ് റെജി ചെറിയാൻ എംഎൽഎ സ്ഥലം സന്ദർശിച്ച് കലുങ്കിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി.

പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ വട്ടടി റോഡിലുള്ള മടയ്ക്കൽ കലുങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.രണ്ട് റോഡുകളും വീതി കൂട്ടി മികച്ച നിലവാരത്തിൽ നിർമ്മിച്ചെങ്കിലും കലുങ്ക് വീതി കൂട്ടി നിർമ്മിച്ചിട്ടില്ല. ആയതിനാൽ ഭാരം കയറ്റി വരുന്ന ലോറികൾ കലുങ്കൂകളിലൂടെ കടന്നു പോകുന്നത് ദുഷ്ക്കരം ആണ്.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ കലുങ്ക് ഇവിടെ നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു. തലവടി തെക്കെ കരയിലുള്ളവർക്ക് നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും
നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.വിളവെടുപ്പ് സമയത്ത് കൊയ്ത്ത് മെഷീൻ ഉൾപ്പെടെ മില്ലുടമകളുടെ നെല്ല് സംഭരിക്കാന് ഉള്ള വാഹനങ്ങള് ഇത് വഴിയാണ് എത്തുന്നത്.
