Home » Blog » kerala Max » ‘കിലുക്കം 25’ അമേരിക്കയിൽ ഹിറ്റ്; ആവേശത്തോടെ ആഘോഷിച്ച് മലയാളികൾ. മോഹൻലാൽ വീണ്ടും പ്രേക്ഷകമനസ്സ് കീഴടക്കി
IMG-20260504-WA0018

ഹ്യൂസ്റ്റൺ : അമേരിക്കയിലെ പ്രവാസി മലയാളികളെ സംഗീതത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും വിസ്മയത്തുമ്പത്ത് എത്തിച്ച ‘കിലുക്കം 25’ എന്ന സംഗീത സപര്യ വിജയകരമായി സമാപിച്ചു. നാല് പ്രമുഖ നഗരങ്ങളെ ആവേശക്കടലാക്കി മാറ്റിയ ഈ മെഗാ ഷോ, സംഘാടന മികവ് കൊണ്ടും കലാപരമായ ഔന്നത്യം കൊണ്ടും ചരിത്ര സംഭവമായി മാറി.

കൊട്ടാരക്കര സ്വദേശിയും വിൻഡ്‌സർ ഹോം ലെൻഡിംഗ് ഉടമയുമായ റെൻജു രാജാണ് അമേരിക്കൻ മണ്ണിലെ ഈ ചരിത്ര വിസ്മയത്തിന് പിന്നിലെ അമരക്കാരൻ. നിലവിൽ ടെക്സസിലുള്ള റെൻജു രാജിന്റെയും വിൻഡ്‌സർ എന്റർടൈൻമെന്റിന്റെയും കൃത്യമായ ആസൂത്രണവും സമർപ്പണവുമാണ് കിലുക്കം 25-നെ വിജയത്തിലെത്തിച്ചത്.

താരപ്പൊലിമയിൽ വിസ്മയക്കാഴ്ചകൾ

ലാലേട്ടൻ എന്ന് മലയാളികൾ സ്നേഹപൂർവ്വം വിളിക്കുന്ന ‘കംപ്ലീറ്റ് ആക്ടർ’ മോഹൻലാലിന്റെ സാന്നിധ്യം ഷോയുടെ തിളക്കം വർദ്ധിപ്പിച്ചു. മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസ്സി, ജ്യോത്സ്ന രാധാകൃഷ്ണൻ, രമ്യ പണിക്കർ എന്നിവരടങ്ങിയ 22 അംഗ പ്രതിഭകളുടെ സംഘം സംഗീതവും നൃത്തവും ഹാസ്യവും കോർത്തിണക്കി ഒരു വിസ്മയ ലോകമാണ് വേദിയിൽ തീർത്തത്.

നാല് നഗരങ്ങളിൽ ആവേശത്തിരമാലകൾ

ഹ്യൂസ്റ്റൺ (ഏപ്രിൽ 17): ടെക്സസിലെ ഹ്യൂസ്റ്റണിലായിരുന്നു പര്യടനത്തിന്റെ തുടക്കം. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അധികൃതരായ ഫാ. ഐസക് ബി. പ്രകാശ്, ഫാ. ജോൺസൺ പുഞ്ചക്കോണം, ഫാ. ടെജി എബ്രഹാം എന്നിവരുടെയും കമ്മിറ്റി അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണം പരിപാടിയെ അത്യന്തം ഹൃദ്യമാക്കി.

ടാംപ (ഏപ്രിൽ 19): ഫ്‌ളോറിഡയിലെ ടാംപയിൽ നടന്ന പരിപാടിയിൽ ജോസ്‌കുട്ടി മാടത്തിൽ, തോമസ് പാപ്പാളി എന്നിവരുടെ പിന്തുണ സംഗീതസാന്ദ്രമായ ഒരു സായാഹ്നം സമ്മാനിച്ചു.

ഡെട്രോയിറ്റ് (ഏപ്രിൽ 25): മിഷിഗണിലെ ഡെട്രോയിറ്റിൽ മലയാളി അസോസിയേഷന്റെ കരുത്തിൽ ബോബി തോമസ്, രാജേഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ ഒരു വലിയ സാംസ്കാരിക ആഘോഷം തന്നെ അരങ്ങേറി.

ന്യൂജേഴ്‌സി (ഏപ്രിൽ 26): ന്യൂജേഴ്‌സിയിലെ ലോഡിയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. ട്വിലൈറ്റ് മീഡിയയിലെ ഷിജോ പൗലോസ്, ബൈജു വർഗീസ് എന്നിവർക്കൊപ്പം ആനി ലിബു, ഷൈബു, അനിയൻ ജോർജ് എന്നിവരുടെ ടീം സമാപന പരിപാടി അവിസ്മരണീയമാക്കി.

പ്രേക്ഷകരുടെ പൾസ് തിരിച്ചറിഞ്ഞ് റെൻജു രാജ്

ഈ വൻ വിജയം അമേരിക്കൻ മലയാളികളുടെ അഭിരുചിയും ആഗ്രഹങ്ങളും ശരിയായ ദിശയിൽ തിരിച്ചറിയാൻ തനിക്ക് സാധിക്കുന്നു എന്നതിന്റെ തെളിവാണെന്ന് റെൻജു രാജ് പറഞ്ഞു. മലയാളി പ്രേക്ഷകർ നൽകുന്ന ഈ സ്നേഹവും പിന്തുണയും വരും വർഷങ്ങളിൽ ഇതിലും മികച്ചതും വൈവിധ്യമാർന്നതുമായ കലാവിരുന്നുകൾ പ്രവാസികൾക്കായി എത്തിക്കാൻ തനിക്ക് വലിയ ധൈര്യവും ആവേശവുമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പോൺസർമാർക്കും, പിന്തുണച്ചവർക്കും, ഷോ ഏറ്റെടുത്ത അമേരിക്കൻ മലയാളി പ്രേക്ഷകർക്കും റെൻജു രാജും സംഘവും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. അമേരിക്കൻ മലയാളികൾക്കായി ചരിത്രം സൃഷ്ടിച്ച റെൻജു രാജിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.