Home » Blog » Kerala » കോളടിച്ചത് റോജിക്കും ജനീഷിനും; തെറിച്ചത് കുഴല്‍നാടനും ചാണ്ടി ഉമ്മനും ജയന്തുമുള്‍പ്പടെയുള്ളവര്‍
one

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. ആയിരക്കണക്കിന് പേരെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍. 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്.  രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എന്നിവര്‍ അടങ്ങിയ വലിയ നിരയാണ് സത്യപ്രതിജ്ഞ ചടങ്ങിനു ഉണ്ടായിരുന്നത്. മന്ത്രിമാര്‍ ആയവരെക്കാള്‍ അവസരം നഷ്ടമായവരാണ് വാര്‍ത്തകളില്‍ നിറയുന്നത്. കെ.മുരളീധരന്‍, എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ് എന്നിവര്‍ മന്ത്രിമാര്‍ ആകുമെന്ന് ഉറപ്പായിരുന്നെങ്കിലും കപ്പിനും ചുണ്ടിനുമിടയിലാണ് പലര്‍ക്കും മന്ത്രി പദവി നഷ്ടമായത്.

ജനീഷിനെപ്പോലുള്ള ചിലരെ അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കുകയും ചെയ്തു.
ജാതിസമവാക്യങ്ങള്‍, ജില്ലാ പ്രാതിനിധ്യം, മുഖ്യമന്ത്രി എന്ന നിലയില്‍ സതീശന്‍ അടക്കമുള്ളവരുടെ താത്പര്യം, എഐസിസി തീരുമാനം എന്നിവ ചേര്‍ന്നപ്പോഴാണ് മാത്യു കുഴല്‍ നാടനും ചാണ്ടി ഉമ്മനും ജയന്തും ഉള്‍പ്പെടെയുള്ള വലിയ നിരയ്ക്ക് അവസരം നഷ്ടമായത്. അപ്രതീക്ഷിതമായാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ.ജെ.ജനീഷിനു മന്ത്രിയായി നറുക്ക് വീണത്. സതീശന്റെ താത്പര്യമാണ് റോജി.എം.ജോണിന് തുണയായത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ശ്രദ്ധേയ റോള്‍ കൈകാര്യം ചെയ്ത മാത്യു കുഴല്‍നാടന് ലീഗ് അപ്രീതി തന്നെയാണ് വിനയായത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രശ്നത്തില്‍ ലീഗ് ഇടപെടരുത് എന്ന് തുറന്നടിച്ച മാത്യു കുഴല്‍നാടനെതിരെ വ്യാപക പ്രതിഷേധമാണ് ലീഗ് നടത്തിയിരുന്നത്. മാത്യുവിനെ വെട്ടിയ കാര്യത്തില്‍ ലീഗ് അപ്രീതിക്ക് വലിയ പങ്കുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ മകനായിട്ടും മികച്ച ഭൂരിപക്ഷത്തോടെ പുതുപ്പള്ളിയില്‍ നിന്നും ജയിച്ചുവന്നിട്ടും ചാണ്ടി ഉമ്മനെ പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം രൂപപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇടതു കോട്ടകള്‍ നിലംപരിശാക്കി യുഡിഎഫ് വലിയ വിജയം നേടിയിട്ടും കോഴിക്കോട് നിന്നും ജയന്ത് പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ വി.കെ.ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയായ കെ.എ.തുളസി പരിഗണിക്കപ്പെട്ടു. തുളസി എത്തിയതോടെ ചിറയിന്‍കീഴ്‌ നിന്നും ജയിച്ചു വന്ന രമ്യ ഹരിദാസ് പിന്നോട്ടുപോയി. എറണാകുളത്ത് നിന്നും വി.പി.സജീന്ദ്രന്‍റെ സാധ്യതയും ഇല്ലാതായി. ജില്ലയില്‍ നിന്നും കൂടുതല്‍ പേര്‍ മന്ത്രിമാര്‍ ആയി എത്തിയതോടെയാണ് സജീന്ദ്രന്‍ ഔട്ടായത്. എന്തായാലും ഒതുക്കപ്പെട്ടവര്‍ അടങ്ങിയിരിക്കാന്‍ സാധ്യതയില്ല. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പോരുകള്‍ കോണ്‍ഗ്രസില്‍ ഇനി ശക്തമാകാന്‍ തന്നെയാണ് സാധ്യത.