കഴിഞ്ഞയാഴ്ചയാണ് സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തത്. എട്ടുമണിക്കൂറിലേറെ നീണ്ട മാരത്തോണ്‍ ചോദ്യം ചെയ്യലാണ് അന്ന് നടന്നത്. വീണയുടെ മൊഴികളിലെ അവ്യക്തതയും സിഎംആര്‍എല്‍ കമ്പനി ഉടമകളുടെ മൊഴിയില്‍ വന്ന ചേര്‍ച്ചയില്ലായ്മയും വന്നതോടെയാണ് വീണയെ വീണ്ടും വിളിപ്പിക്കുന്നത്. ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പിണറായി വിജയനും സിപിഎം വൃത്തങ്ങളിലും കനത്ത ആശങ്ക വീണയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട് . മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും ചോദ്യം ചെയ്യലും വീണയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നുള്ള ഇഡി സൂചനകള്‍ ശക്തമായതാണ് ഈ ആശങ്കയ്ക്ക് കാരണം.
അബുദാബിയിലെ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഇഡി ഡയറക്ടര്‍ തന്നെയാണ് കൊച്ചിയില്‍ വന്ന് നിര്‍ദേശിച്ചത്. ഇതിനായി യുഎഇയില്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടാനും ഇഡി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം എവിടെയൊക്കെ പോയി അവസാനിക്കുമെന്നു തീര്‍ച്ച പറയാന്‍ കഴിയാത്ത അവസ്ഥയുമാണ്. കഴിഞ്ഞ തവണ ഹാജരായപ്പോൾ വീണ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട്.
ഇഡി ശേഖരിച്ച രേഖകളും വീണ നൽകിയ മൊഴികളും തമ്മിൽ അന്തരം, തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള വീണയുടെ അക്കൗണ്ടുകളിലും ലോക്കറിലും നടത്തിയ പരിശോധനകളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇനിയുള്ള ചോദ്യം ചെയ്യൽ. എന്തിനാണ് സിഎംആര്‍എല്‍ മൂന്നു കോടിയിലേറെ രൂപ എക്സാലോജിക്കിന് നല്‍കിയത് എന്ന കാര്യത്തിലും വ്യക്തമായ മറുപടി വീണയില്‍ നിന്നും ഇഡിക്ക് ലഭിച്ചിട്ടില്ല. ഇത് സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയിലാണ് വരുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എസ്എഫ്ഐഒയാണ് മാസപ്പടിയില്‍ വിശദമായ അന്വേഷണം നടത്തിയത്. ഇതിന്റെ രേഖകള്‍ ഇഡിക്ക് നല്‍കാന്‍ കോടതി എസ്എഫ്ഐഒയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. വീണയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഈ രേഖകള്‍ ഇഡിക്ക് ലഭിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വിശദമായ ചോദ്യം ചെയ്യലാകും 29 ന് നടക്കാന്‍ പോകുന്നത്.
സിഎംആര്‍എല്‍ കമ്പനിയിയിലെ മറ്റ് ഉദ്യോഗസ്ഥരെയും അനുബന്ധമായി ഇനിയും ചോദ്യം ചെയ്യാനും ഇഡി നീക്കമുണ്ട്. അതുകൊണ്ട് തന്നെ മാസപ്പടി കേസിലെ അന്വേഷണത്തില്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. അന്വേഷണം പിണറായിയിലേക്ക് നീട്ടണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും രംഗത്തുണ്ട്. കേസിലെ പ്രധാന പ്രതി പിണറായി ആണെന്നാണ് ഷോണ്‍ ജോര്‍ജ് ആരോപിക്കുന്നത്.
മുഖ്യമന്ത്രിക്കുള്ള കൈക്കൂലി ആയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയത് എന്നാണ് ഷോണിന്‍റെ പ്രധാന ആരോപണവും. കേരളത്തിന്റെ തീരദേശത്തെ കൊള്ള ചെയ്യാൻ ഒത്താശ ചെയ്തവർക്ക് നേരെയും അന്വേഷണം എത്തണമെന്ന ആവശ്യമാണ് ഷോണ്‍ ഉന്നയിക്കുന്നത്. 130 കോടിയോളം രൂപ സിഎംആര്‍എല്‍ മാസപ്പടിയായി നല്‍കിയിട്ടുണ്ട്. ആര്‍ക്കൊക്കെ നല്‍കി എന്നതുമായി ബന്ധപ്പെട്ട് വലിയ അന്വേഷണം നടന്നിട്ടില്ല. എന്നാല്‍ ഈ പേരുവിവരങ്ങള്‍ ഉള്ള ഡയറി അന്വേഷണ ഏജന്‍സി പിടിച്ചെടുത്തിട്ടുണ്ട്. കരിമണലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ് ആണ് ഇഡി അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പിണറായിക്കും സിപിഎമ്മിലും ആശങ്കകള്‍ കനക്കുന്നതും. എന്തായാലും 29നുള്ള വീണയുടെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകും.
