Home » Blog » Kerala » അജിത്‌ ഡോവല്‍, ആ പേര് മാത്രം മതി, ശത്രുക്കളുടെ ഉള്ളം നടുക്കാന്‍
ajitdoval

പന്ത്രണ്ട് വര്‍ഷമായി ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവാണ് അജിത്‌ ഡോവല്‍. ഇന്ത്യയുടെ ദേശീയ സുരക്ഷയെ അടിമുടി മാറ്റിമറിക്കുന്ന വിധത്തില്‍ കൊണ്ടുവന്ന നയസമീപനങ്ങളും നീക്കങ്ങളുമാണ് അജിത്‌ ഡോവലിനെ ശ്രദ്ധേയനാക്കി മാറ്റിയത്. ഇന്ത്യ രൂപപ്പെട്ട ശേഷം രാജ്യസുരക്ഷ ഇത്ര ശക്തമാകുന്നത് അജിത്‌ ഡോവല്‍ സുരക്ഷാ ഉപദേഷ്ടാവ് ആയതോടെയാണ്.
രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും ഇന്ത്യയെ ചിഹ്നഭിന്നമാക്കാന്‍ ശ്രമിച്ച ശത്രുക്കള്‍ക്കെല്ലാം തന്നെ അവര്‍ ഒരിക്കലും മറക്കാത്ത പ്രഹരമാണ് അജിത്‌ ഡോവല്‍ നല്‍കിയത്. ശത്രുവിന്‍റെ ആക്രമണത്തിനു ശേഷം മിണ്ടാതിരിക്കുകയോ സംയമനത്തോടെ പ്രതികരിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ രീതിയാണ് ഡോവല്‍ പോളിച്ചടക്കിയത്.

പാർലമെന്റ് ആക്രമണവും മുംബൈ ആക്രമണവുമൊക്കെ നടന്നപ്പോള്‍ ഇന്ത്യ അന്ധാളിപ്പിലായിരുന്നു. ഈ നയമാണ് അദ്ദേഹം പൊളിച്ചെഴുതിയത്. ‘നാം പ്രതിരോധിച്ചാൽ മാത്രം പോരാ, കടന്നാക്രമിച്ചുള്ള പ്രതിരോധമാണ് വേണ്ടത്’ എന്ന ഡോവലിന്റെ നയം ഇന്ത്യയിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനു മുതിർന്നാൽ കനത്ത വില ഭീകരരും പാകിസ്താനും നൽകേണ്ടി വരുമെന്ന സന്ദേശം നൽകി- വാക്കാലല്ല, പ്രവൃത്തി കൊണ്ട്. ഡോവൽ ഡോക്ട്രിൻ എന്ന പേരിലാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ അറിയപ്പെടുന്നത് തന്നെ. സർജിക്കൽ സ്‌ട്രൈക്കിലും ബാലാകോട്ട് ആക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും രാജ്യം അത് കണ്ടു.

ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിയുമ്പോൾ പ്രത്യാഘാതങ്ങളെക്കുറിച്ചാലോചിച്ച് ഭയന്ന് പിൻമാറാറേണ്ട അവസ്ഥയിലാണ് ഇന്ത്യയുടെ ശത്രുരാജ്യങ്ങള്‍. ഇതിനു കാരണം അജിത്‌ ഡോവല്‍ എന്ന ഒരേ ഒരു പേര് തന്നെയാണ്. രാജ്യത്തലവന്മാര്‍ക്ക് ലഭിക്കുന്ന സുരക്ഷയാണ് റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അജിത്‌ ഡോവലിന് നല്‍കുന്നതെന്നും ശ്രദ്ധേയമാണ്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജെയ്ക്ക് സള്ളിവൻ ഡോവലിനെ ‘ലോകത്തിന്റെ നിധി’ എന്നാണ് വിശേഷിപ്പിച്ചത്. അജിത്‌ ഡോവല്‍, ഈ പേര് മാത്രം മതി ശത്രുക്കളുടെ ഉള്ളം നടുക്കാന്‍ എന്നതാണ് നിലവിലെ അവസ്ഥ. ആ രീതിയിലുള്ള തിരിച്ചടികളാണ് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് അജിത്‌ ഡോവല്‍ നല്‍കിയത്.

മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ എത്തിയപ്പോള്‍ അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി ഒഴിയാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ബന്ധം കാരണമാണ് അദ്ദേഹം പദവിയില്‍ തുടര്‍ന്നത്. മോദിയുടെ കണക്കുകൂട്ടല്‍ തെളിയിച്ചുകൊണ്ട് പഹല്‍ഗാമിലെ 26 നിരപാരാധികളുടെ രക്തത്തിനു ഓപ്പറേഷന്‍ സിന്ധൂറിലൂടെ മറുപടി നല്‍കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഇനി ഒരു ആക്രമണം ഇന്ത്യയില്‍ നടത്താന്‍ ശേഷിയില്ലാത്ത വിധം പാകിസ്ഥാനെ സായുധമായി തകര്‍ക്കാന്‍ നേതൃത്വം നല്‍കുകയാണ് അദ്ദേഹം ചെയ്തത്.

ആദിത്യ ധര്‍ സംവിധാനം ചെയ്ത ഹിറ്റ്‌ ചിത്രം ‘ധുരന്ധറിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് ആര്‍. മാധവന്‍ അവതരിപ്പിക്കുന്ന അജയ് സാന്യാലാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്‌ ഡോവലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ കഥാപാത്രം എന്നത് തന്നെ അജിത്‌ ഡോവലിന്റെ പ്രാധാന്യം തന്നെയാണ് തെളിയിക്കുന്നത്. പാകിസ്താന്റെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അദ്ദേഹം വേഷം മാറി വര്‍ഷങ്ങള്‍ തന്നെ പാകിസ്ഥാനില്‍ കഴിഞ്ഞു. 1988-ലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ രണ്ടിൽ റിക്ഷക്കാരന്റെയും ഐഎസ്‌ഐ ഏജന്റിന്റെയും വേഷം കെട്ടി സുവർണക്ഷേത്ര സമുച്ചയത്തിൽ നുഴഞ്ഞുകയറി നിർണായക വിവരങ്ങൾ സൈന്യത്തിനു നല്കിയതും ഡോവലായിരുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കത്തിയെരിഞ്ഞപ്പോൾ തീവ്രവാദികളെ ചർച്ചാമേശയിലേക്കെത്തിക്കാനും സമാധാനം കൊണ്ടുവന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെയായിരുന്നു,. ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ അശാന്തമായ കശ്മീരിനെ ശാന്തമാക്കാന്‍ കരുക്കള്‍ നീക്കിയതും അജിത്‌ ഡോവലായിരുന്നു. സുരക്ഷാ ഉപദേഷ്ടാവ് മാത്രമല്ല നിഴല്‍ വിദേശകാര്യമന്ത്രിയായും അദ്ദേഹം പലപ്പോഴും മാറുന്നു. ചൈനയുമായുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയത് ഡോവല്‍ തന്നെയാണ്. റഷ്യ, അമേരിക്ക, ചൈന എന്നിവയുമായുള്ള ഇന്ത്യയുടെ നിർണായക ബന്ധങ്ങളും അദ്ദേഹം കൈകാര്യം ചെയ്യുന്നു. ട്രംപിന്റെ രണ്ടാംവരവിനു ശേഷമുള്ള സങ്കീർണ്ണമായ യുഎസ് ബന്ധത്തിലും ഇന്ത്യയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു.

2026 ജൂണില്‍ ന്യൂഡൽഹിയിൽ നടന്ന ബ്രിക്‌സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചത് ഡോവലായിരുന്നു. ഇന്ത്യയിലെ ഭീകരത വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച മുപ്പതോളം പാക് ഭീകരരാണ് 2020-നു ശേഷം അജ്ഞാതരുടെ വെടിയുണ്ടകൾക്ക് ഇരയായത്. അജ്ഞാതരെ തിരിച്ചറിയാനോ, അവർക്കെതിരെ തെളിവുണ്ടാക്കാനോ പാകിസ്താനു ഇതേവരെ കഴിഞ്ഞിട്ടില്ല. 2014 മെയ് മാസം ഡോവൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിന്റെ ചുമതലയേൽക്കുമ്പോൾ അത് വളരെ ചെറിയൊരു സംവിധാനമായിരുന്നു. എന്നാല്‍ ഇന്നത് ഭരണഘടനാപരമായ അടിത്തറയുള്ള, വികേന്ദ്രീകൃതമായ വൻ സംവിധാനമാണത്. പതിറ്റാണ്ടുകളായി ഇന്ത്യയിലേക്ക് ഭീകരതയും അസ്ഥിരതയും കയറ്റി അയച്ച രാജ്യം ഇന്ന് നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്. ഇതില്‍ അജിത്‌ ഡോവലിന് വലിയ പങ്കുണ്ട്. എന്തായാലും രാജ്യം ഒരിക്കലും വിസ്മരിക്കാത്ത പേര് തന്നെയാണ് അജിത്‌ ഡോവലിന്റെത്. അദ്ദേഹത്തിന്റെ പാത തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഈ രീതിയില്‍ തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമികളും മുന്നോട്ടു നീങ്ങേണ്ടിവരും. അത് എന്തായാലും ഡോവല്‍ ഉറപ്പ് വരുത്തിക്കഴിഞ്ഞിട്ടുണ്ട്.