Your Image Description Your Image Description

കെ.എസ്.ഇ.ബി പെൻഷൻ ബാദ്ധ്യതയും നമ്മുടെ തലയിൽ വരുമോ ? വരും ,വരുന്നത്തിനുള്ള നീക്കം തുടങ്ങി , അതിനായി വരുന്ന ഏപ്രിൽ മുതൽ നിരക്ക് വർദ്ധിപ്പിക്കുന്നു . ഇപ്പോൾ തന്നെ കെ.എസ്.ഇ.ബിയുടെ വമ്പൻ ശമ്പളച്ചെലവിന് നമ്മളെയാണ് ഞെക്കി പിഴിയുന്നത് .

അതിന് പുറമെ ഭീമമായ പെൻഷൻ ബാദ്ധ്യത കൂടി പൊതുജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ താരിഫ് രണ്ടാം നിയമഭേദഗതിക്ക് നീക്കം നടത്തുകയാണ് . ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ജനുവരി 4 ആം തീയതി പൊതുജനങ്ങളിൽ നിന്ന് തെളിവെടുക്കും.

ഏപ്രിലിൽ ഈ ബാദ്ധ്യത കൂടി ചേർത്ത് വീണ്ടുമൊരു നിരക്ക് വർദ്ധന ഏർപ്പെടുത്തും. കഴിഞ്ഞ നവംബറിലും വർദ്ധന വരുത്തിയിരുന്നു. പെൻഷൻ ചെലവിന് പുറമെ അടുത്ത വർഷം ശമ്പള വർദ്ധന നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന 480 കോടിയുടെ ബാദ്ധ്യതയും താരിഫിൽ ഉൾപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി , റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2013 ൽ പെൻഷൻ ബാദ്ധ്യത നിറവേറ്റാൻ മാസ്റ്റർ ട്രസ്റ്റ് സംവിധാനമുണ്ടാക്കിയിരുന്നു. ഇതുപ്രകാരം 8144 കോടിയുടെ ബോണ്ട് കെ.എസ്.ഇ.ബിയും 3751 കോടിയുടേത് സർക്കാരുമിറക്കി. കെ.എസ്.ഇ.ബി 10% പലിശയും സർക്കാർ 9% പലിശയും ഇതിന് നൽകാനും തീരുമാനിച്ചിരുന്നു.

കെ.എസ്.ഇ.ബിയുടെ പലിശച്ചെലവ് അവരുടെ പൊതുചെലവിൽപ്പെടുത്തി അത് പൊതുജനങ്ങളിൽ നിന്ന് ഈടാക്കാനും ധാരണയായിരുന്നു.എന്നാൽ കെ.എസ്.ഇ.ബി നഷ്ടത്തിലായതോടെ 2021 മുതൽ പലിശ മാത്രമല്ല പെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന വിഹിതത്തിന് പുറമെവരുന്ന ചെലവും പൊതുജനങ്ങളിൽ നിന്ന് താരിഫായി ഈടാക്കാൻ തീരുമാനിച്ചു.

എന്നാലിതിനെ ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തതോടെ കോടതി അത് തടഞ്ഞു. അതിനിടെ ബോണ്ടിന്റെ 10വർഷത്തെ കാലാവധി തീർന്നതോടെ പെൻഷൻ ബാദ്ധ്യതയിൽ നിന്ന് സർക്കാർ പൂർണ്ണമായി പിൻവാങ്ങി.

ഇതോടെ അതു മുഴുവൻ കെ.എസ്.ഇ.ബി വഹിക്കേണ്ട സ്ഥിതിയായി. ഇത് മറികടക്കാനാണ് പുതിയ നീക്കം നടത്തുന്നത് . ഇത് അംഗീകരിക്കാൻ കഴിയുമോ ? ചെറിയപെരുന്നാൾ വന്നാലും വലിയ പെരുന്നാൾ വന്നാലും മുട്ടനാടിനാണ് കിടക്കപ്പൊറുതിയില്ലാത്തതെന്ന് പറയുന്നത് പോലെ എന്ത് വന്നാലും അത് താങ്ങേണ്ടത് പാവം പൊതുജനങ്ങളും .

അത്താഴപ്പട്ടിണിക്കാരായ പൊതുജനം എന്തിനിങ്ങനെ ഇവന്മാരെ തീറ്റിപ്പോറ്റുന്നു . ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കറണ്ട് ചാർജ്ജ് കൊടുക്കുന്നത് നമ്മൾ കേരളീയരാണ് . ശമ്പളം കൊടുക്കുന്നതും നമ്മുടെ പിടലിക്ക് , ഇനി പെൻഷൻ കൂടി നമ്മൾ കൊടുക്കണമെന്ന് പറയുന്നത് എന്ത് ന്യായമാണ് .

ഒന്ന് കറണ്ട് പോകുമ്പോൾ അറിയാം ഇവന്മാരുടെ തനിക്കൊണം . വിളിച്ചാൽ വരില്ല , കൂടുതലും ഫോൺ വിളിച്ചാൽ എടുക്കില്ല , മൊബൈൽ ആണെങ്കിൽ ഓഫാക്കി വയ്ക്കും , ലാൻഡ് ഫോണാണെങ്കിൽ റിസീവറെടുത്ത് മാറ്റി വയ്ക്കും . നമ്മൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള സേവനം ഇവന്മാരുടെ ഭാഗത്തു നിന്നും കിട്ടുന്നില്ല . ഈ സംസ്ഥാനത്ത് ഇത്രയും ഉത്തരവാദിത്തമില്ലാത്ത ഒരു വിഭാഗം ഇവന്മാർ മാത്രമാണ് .

ഇത് സ്വകാര്യ കമ്പനികൾക്ക് കൈമാറണം , വില കുറച്ചു വൈദ്യുതി നമ്മൾക്ക് കിട്ടും , ജീവനക്കാരുടെ മികച്ച സേവനവും ലഭിക്കും . ഒരു സാധാരണക്കാരനെ സംബന്ധിച്ച് അവന് വിലകുറച്ചു വൈധ്യുതി കിട്ടണം , വിരൽത്തുമ്പിൽ സേവനവും കിട്ടണം . ഇത് രണ്ടും നമുക്ക് കിട്ടുന്നില്ല .

ഇന്ന് ഈ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്നത് ഇവന്മാരാണ് , വാരിക്കോരി കൊടുക്കാൻ മാറി മാറി വരുന്ന സർക്കാരും . ഈ ശമ്പളം വാങ്ങുന്നതിന് അനുസരിച്ച് ജോലി ചെയ്യുന്നുണ്ടോ ? ഇല്ല , നൂർ ശതമാനവും ഇല്ലന്ന് തന്നെ പറയാം .

എന്തിനാണിങ്ങനെ ഇവർക്ക് ശമ്പളം കൊടുക്കുന്നത് ? മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളം ഇവന്മാർക്കും കൊടുത്താൽ പോരെ ? ഇവന്മാർക്ക് ഇപ്പോൾ കൊടുക്കുന്ന ശമ്പളത്തിന്റെ നാലിലൊന്ന് കൊടുത്താൽ മതി തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ക്യു നിൽക്കും . ഇപ്പോഴുള്ളവരെയെല്ലാം ആനുകൂല്യങ്ങൾ കൊടുത്ത പിരിച്ചു വിടുക .

അതിന് ശേഷം പുതിയ ശമ്പള സ്കെയിലിൽ പുതിയ ആളുകളെ എടുക്കുക , ഇരട്ട ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയൻ അതിന് മുൻകൈ യെടുക്കണം . അങ്ങയിൽ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വിശ്വാസമുണ്ടായിട്ടാണ് രണ്ടാമതും ഭരണം ഏൽപ്പിച്ചു തന്നത് , മൂന്നാമതും നിങ്ങൾ തന്നെ ഭരിക്കണം , അതിനായി ബി എസ് എൻ എൽ ചെയ്തതുപോലെ ഇവിടെയും ചെയ്യണം .

ഈ വകുപ്പിൽ നടക്കുന്ന തെമ്മാടിത്തരം അങ്ങ് കാണാതെ പോകരുത് , അങ്ങ് വേഷം മാറി മാസ്കും ധരിച്ചു ഓഫീസുകൾ ഒന്ന് കയറിയിറങ്ങി പരിശോധിക്കണം , പ്രത്യേകിച്ച് രാത്രികാലങ്ങളിൽ . അപ്പോൾ മനസ്സിലാകും ഏറെക്കുറെ കാര്യങ്ങൾ .

അതുപോലെ രാജ്യത്ത് എല്ലാ സ്ഥാപനങ്ങളും കംപ്യൂട്ടർ വൽക്കരിച്ചു , ഈ സ്ഥാപനത്തിലും കമ്പ്യൂട്ടർ ആണ് ഉപയോഗിക്കുന്നത് , സെക്രട്ടറിയേറ്റിൽ പോലും ഇ ഫയൽ സംവിധാനമാണ് , എന്നാൽ ഇവിടെ ഇപ്പോഴും പഴയ ടൈപ്പിസ്റ്റുകൾ ജോലി ചെയ്യുന്നു .

അവർ മറ്റൊന്നും ചെയ്യില്ല , അവരുടെ തസ്തിക ടൈപ്പിംഗ് ആണ് . അവരാതെ ചെയ്യുള്ളു , രസം അതല്ല , ഒരു ഓഫീസിലും ടൈപ്‌റൈറ്റിങ് മെഷീനുകളില്ല , ഇർ വരുന്നതും പോകുന്നതും ആരും അറിയില്ല , ഒരു ജോലിയും ചെയ്യുന്നില്ല , മാസാമാസം ശമ്പളവും പെൻഷനും നമ്മൾ നൽകണം . ഇതാണ് കെ എസ് ഇ ബി , നമ്മുടെ സ്വന്തം കറണ്ടാപ്പീസ് . ഇനി നിങ്ങൾ ചിന്തിക്ക് എന്ത് വേണമെന്ന് ?

Leave a Reply

Your email address will not be published. Required fields are marked *