Home » Blog » kerala Mex » അബുദാബിയിലെ തണുപ്പിൽ നിന്ന് രക്ഷനേടാനായി മുറിക്കുള്ളിൽ കരിക്കട്ട കത്തിച്ച 5 പേർക്ക് ശ്വാസംമുട്ടൽ, ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
0d215c04c0b22fcd6b4612dce0dc78afc816c70cbb040e4082d01179a8cbea00.0

കൊടും തണുപ്പിൽ നിന്ന് രക്ഷനേടാൻ അടച്ചിട്ട മുറിക്കുള്ളിൽ ചാർക്കോളും (കരിക്കട്ട) വിറകും കത്തിച്ചതിനെത്തുടർന്നുണ്ടായ പുക ശ്വസിച്ച് അബുദാബിയിൽ അഞ്ചുപേർക്ക് ശ്വാസംമുട്ടൽ. അബുദാബി പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് വലിയൊരു ദുരന്തമാണ് ഒഴിവായത്. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചതിനാൽ അഞ്ചുപേരുടെയും ജീവൻ രക്ഷിക്കാനായെന്ന് അധികൃതർ അറിയിച്ചു.

തണുപ്പുകാലത്ത് അടച്ചിട്ട മുറികളിൽ തീ കത്തിച്ച് ചൂടുപകരാൻ ശ്രമിക്കുന്നത് അതീവ അപകടകരമാണെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി മുന്നറിയിപ്പ് നൽകി. ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അൽ ഐൻ പൊലീസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ

ശൈത്യകാലത്ത് വീടുകൾക്കുള്ളിൽ തീ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട പ്രധാന മുൻകരുതലുകൾ അൽ ഐൻ പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രി. സയീദ് ഹുമൈദ് ബിൻ ദൽമൂജ് അൽ ദാഹേരി വ്യക്തമാക്കി.

ഉറങ്ങുമ്പോൾ ഒഴിവാക്കുക: രാത്രിയിൽ മുറിക്കുള്ളിൽ വിറക് അടുപ്പുകൾ കത്തിച്ചുവെച്ച് ഉറങ്ങരുത്. ഇത് കാർബൺ മോണോക്സൈഡ് ശ്വസിച്ച് അബോധാവസ്ഥയിലാകാനും മരണത്തിനും കാരണമാകും.

വായുസഞ്ചാരം ഉറപ്പാക്കുക: തീ ഉപയോഗിക്കുന്നുണ്ടെങ്കിൽ പുക പുറത്തേക്ക് പോകാൻ ചിമ്മിനികളോ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളോ ഉണ്ടെന്ന് ഉറപ്പുവരുത്തണം. മുറിക്കുള്ളിൽ വായു സഞ്ചാരത്തിനായി ജനാലകൾ തുറന്നിടുക.

മുറിക്കുള്ളിൽ നേരിട്ട് കത്തിക്കരുത്: വിറകോ കരിക്കട്ടയോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് വീടിന് പുറത്തുവെച്ച് കത്തിച്ച് കനലായ ശേഷം മാത്രം അകത്തേക്ക് മാറ്റുക.

തീ പൂർണ്ണമായും അണയ്ക്കുക: ഉപയോഗം കഴിഞ്ഞാലുടൻ കനലുകൾ പൂർണ്ണമായും അണച്ചുവെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം തീപിടുത്തത്തിന് സാധ്യതയുണ്ട്.