
കൊച്ചി: നിക്ഷേപത്തിലൂടെ ദീർഘകാല സമ്പത്ത് വളർത്തുന്നതിനൊപ്പം കുടുംബങ്ങൾക്ക് സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കുന്ന പുതിയ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതിയായ വെൽത്ത് പ്രീമിയർ പ്ലാനുമായി ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്. കുറഞ്ഞ തുകയിൽ നിക്ഷേപം ആരംഭിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദ്യം വളർത്താനും ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
10 മുതൽ 40 വർഷം വരെയുള്ള പോളിസി കാലാവധിയാണ് പദ്ധതിയിലുള്ളത്. ഒറ്റത്തവണയായോ നിശ്ചിത കാലയളവിലായോ പതിവായോ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. നിശ്ചിത കാലയളവിലോ പതിവായോ പ്രീമിയം അടയ്ക്കുന്നവർക്ക് പ്രതിവർഷം 40,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്നവർക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്.
ഓഹരി അധിഷ്ഠിതം, ഇൻഡക്സ് ലിങ്ക്ഡ്, വിവിധ ആസ്തികളിലെ നിക്ഷേപം, സ്ഥിരവരുമാനം തുടങ്ങിയ വിഭാഗങ്ങളിലായി അഞ്ച് നിക്ഷേപ മാർഗങ്ങളും 12 ഫണ്ടുകളുമാണ് പദ്ധതിയിലുള്ളത്. വിപണിയിലെ മാറ്റങ്ങൾ, പ്രായം, റിസ്ക് എടുക്കാനുള്ള ശേഷി, പോളിസി കാലാവധി പൂർത്തിയാകുന്ന സമയം എന്നിവ കണക്കിലെടുത്ത് നിക്ഷേപം സ്വയം ക്രമീകരിക്കുന്ന നാല് ഓട്ടോമേറ്റഡ് സംവിധാനങ്ങളും ലഭ്യമാണ്. അധിക ചാർജില്ലാതെ എത്ര തവണ വേണമെങ്കിലും ഒരു ഫണ്ടിൽ നിന്നും മറ്റൊന്നിലേക്ക് നിക്ഷേപം മാറ്റാനും കഴിയും. വിശദവിവരത്തിന് വെബ്‌സൈറ്റ്: https://www.ageasfederal.com/
