Home » Blog » Kerala » മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയ തീരുമാനങ്ങളിൽ അതൃപ്തി; ഖാർഗെയെ കണ്ട് പരാതികൾ ധരിപ്പിച്ച് സണ്ണി ജോസഫ്
sunny-joseph-1-680x450 (1)

കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ ഡൽഹിയിലെ വസതിയിലെത്തിയായിരുന്നു സന്ദർശനം. കേരളത്തിലെ സംഘടനാ കാര്യങ്ങളും സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. എന്നാൽ, പത്മജയുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയായില്ലെന്നാണ് വിവരം.

 

ഡൽഹിയിൽ നടക്കുന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെങ്കിലും, സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ സങ്കീർണ്ണമായ സാഹചര്യത്തിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, രണ്ട് ദിവസമായി കേരളത്തിലുണ്ടായിരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ഡൽഹിയിലേക്ക് മടങ്ങി. കെ.പി.സി.സി. ആസ്ഥാനത്ത് ഇരുനേതാക്കളും ചേർന്ന് രണ്ട് ദിവസമായി സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

 

കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവരെ തഴയുന്നുവെന്നും ചൂണ്ടിക്കാട്ടി ‘എ’ ഗ്രൂപ്പ് നേതാക്കൾ നേരത്തെ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി. അധ്യക്ഷൻ ഡൽഹിയിലെത്തിയത്.

 

വൈദ്യുതി വാങ്ങൽ കരാറുകളിലും പി.എസ്.സി. നിയമനങ്ങളിലും തന്നെ വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രി മുന്നോട്ടുപോയതിൽ സണ്ണി ജോസഫിനും കടുത്ത അതൃപ്തിയുണ്ട്. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്നും, എന്നാൽ പദവിയിൽ തുടരുന്നിടത്തോളം കാലം തന്നെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാകണം സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളെന്നുമാണ് സണ്ണി ജോസഫിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *