
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം മൂന്നാം ദിവസവും തുടരുന്നു. ആനയെ ഇടിക്കുഴി ഭാഗത്ത് കണ്ടെത്തിയതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.
നിലവിൽ ഡാർട്ടിംഗ് ടീം ആനയുടെ തൊട്ടടുത്തെത്തിയിട്ടുണ്ട്. സുരക്ഷിതമായ സ്ഥലത്തേക്ക് മാറുന്നതോടെ ആനയെ ഉടൻ മയക്കുവെടി വെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ദൗത്യം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മേഖലയിൽ കർശന നിയന്ത്രണങ്ങളും നിരോധനാജ്ഞയും തുടരുകയാണ്.
