
ചെന്നൈ: ഭാര്യയുടെ പ്രസവത്തിന് സർക്കാർ ജീവനക്കാരായ പുരുഷന്മാർക്കും 15 ദിവസത്തെ അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. വനിതാ ജീവനക്കാർക്ക് നിലവിൽ 365 ദിവസത്തെ പ്രസവാവധി അനുവദിച്ചിരിക്കുന്നതിന് പിന്നാലെയാണ്, സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യം അംഗീകരിച്ച് ടിവികെ സർക്കാർ പുതിയ ഉത്തരവിറക്കിയത്.
പ്രസവസമയം അമ്മയ്ക്കും കുഞ്ഞിനും ഏറെ നിർണായകമാണെന്നും, ഇക്കാലയളവിൽ അമ്മയ്ക്ക് പിന്തുണ നൽകുന്നതിനൊപ്പം കുഞ്ഞിന്റെ സംരക്ഷണത്തിലും പിതാവിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ അവധിയാണ് ലഭിക്കുക. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പോ, അല്ലെങ്കിൽ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനകമോ ഈ അവധി പ്രയോജനപ്പെടുത്താം. നേരത്തെ ടിവികെ സർക്കാർ നടപ്പിലാക്കിയ ‘തായ്മാമൻ തങ്ക മോതിരം തിട്ടം’ (നവജാത ശിശുക്കൾക്ക് സൗജന്യമായി സ്വർണമോതിരം നൽകുന്ന പദ്ധതി) വലിയ സ്വീകാര്യത നേടിയിരുന്നു.
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കുട്ടിയുടെ അമ്മ തമിഴ്നാട്ടിൽ സ്ഥിരതാമസമുള്ള ആളായിരിക്കണം. കൂടാതെ, പ്രെഗ്നൻസി ആൻഡ് ഇൻഫാന്റ് കോഹോർട്ട് മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കുകയും, റീപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് ഐഡി കാർഡ് ഉണ്ടായിരിക്കുകയും വേണം. ജൂൺ 22 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് മോതിരം ലഭിക്കുക. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിപ്പോയ അമ്മയ്ക്കും കുഞ്ഞിനും മോതിരം എത്തിക്കാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 100 കുട്ടികൾക്ക് വീതം സ്വർണമോതിരം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
