
ഡൽഹി: സിജെപി വക്താവ് സൗരവ് ദാസിനെതിരെ മഹാരാഷ്ട്ര പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സൗരവ് ദാസിന്റെ പാസ്പോർട്ടിൽ ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്നും ഇത് പൗരത്വത്തെ തന്നെ ബാധിച്ചേക്കാമെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. ബ്രിട്ടനിലേക്കുള്ള യാത്ര തടഞ്ഞ നടപടി ചോദ്യം ചെയ്ത് സൗരവ് ദാസ് നൽകിയ ഹർജിയിൽ വിദേശകാര്യ മന്ത്രാലയത്തിനും റീജിയണൽ പാസ്പോർട്ട് ഓഫീസർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഡിസംബർ 9-ന് വീണ്ടും പരിഗണിക്കും.
നവംബർ 23-നാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്നും, ഇതിന്റെ ഭാഗമായി സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു. സർക്കുലറിന്റെ പകർപ്പ് നൽകണമെന്ന ആവശ്യം തള്ളിയ കേന്ദ്രം, അഭിഭാഷകർക്ക് സ്വതന്ത്രമായി വിവരങ്ങൾ ശേഖരിച്ച് നിയമനടപടി സ്വീകരിക്കാമെന്നും വാദിച്ചു. ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് സൗരവ് ദാസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. സർക്കുലറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലണ്ടനിലേക്കുള്ള യാത്ര തടഞ്ഞതിനെത്തുടർന്ന് തന്റെ പാസ്പോർട്ട് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നതായി സൗരവ് ദാസ് ആരോപിച്ചു. തന്നെ ലക്ഷ്യമിട്ട് നിരന്തരമായ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും, പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ച എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കുമെതിരെ ക്രിമിനൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
