
കരാറില്ലാതെ ഉയർന്ന വിലയ്ക്ക് കാറ്റാടി വൈദ്യുതി വാങ്ങി കെഎസ്ഇബി. ഒരു യൂണിറ്റിന് 11 രൂപ നിരക്കിലാണ് വിഎച്ച്ഇ ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങുന്നതെന്ന് കെഎസ്ഇബി നേരത്തെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നത്. എന്നാൽ ഒന്നര രൂപ ട്രാൻസ്മിഷൻ ചാർജ് കൂടി ഉൾപ്പെടുത്തിയപ്പോൾ യൂണിറ്റിന് 12.50 രൂപയായി ചെലവ്. ഇടപാടിലൂടെ ആകെ ഏഴര കോടി രൂപ ചെലവായെന്നാണ് പുറത്തുവന്ന ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. അഞ്ച് കോടിയിൽ താഴെയാണ് ചെലവായതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുമായി ഇത് വലിയ വ്യത്യാസമുണ്ടാക്കുന്നു.
പീക്ക് സമയങ്ങളിൽ പോലും യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകി വൈദ്യുതി വാങ്ങരുതെന്ന റെഗുലേറ്ററി കമ്മീഷന്റെ നിർദേശം നിലനിൽക്കെയാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. എം.ജി. രാജമാണിക്യം കെഎസ്ഇബി ചെയർമാനായിരുന്ന കാലത്താണ് ഇടപാടിന് തീരുമാനമെടുത്തത്. കരാറില്ലാതെ ഇത്രയും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്ന സാഹചര്യം പരിശോധിക്കാൻ നിലവിലെ ചെയർമാൻ എൻ. പ്രശാന്ത് അന്വേഷണം നടത്തും.
റെഗുലേറ്ററി കമ്മീഷൻ യൂണിറ്റിന് 10 രൂപ നിരക്കിൽ അനുമതി നൽകിയാൽ പോലും 57 ലക്ഷം രൂപയുടെ അധിക സാമ്പത്തിക ബാധ്യത കെഎസ്ഇബിക്ക് ഉണ്ടാകുമെന്നാണ് കണക്ക്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിലൂടെ ഉണ്ടായ അധിക ചെലവ് സർക്കാർ വഹിക്കുമോ അതോ വൈദ്യുതി നിരക്കിലൂടെ ജനങ്ങളുടെ തലയിലാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇടപാടിലെ ക്രമക്കേടുകളും സാമ്പത്തിക ബാധ്യതയും സംബന്ധിച്ച അന്വേഷണത്തിലേക്ക് ഇനി ശ്രദ്ധ.
