
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത രീതികളിലുള്ള സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഓൺലൈൻ ട്രേഡിങ്, വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ, വാഹന ചലാൻ സന്ദേശങ്ങൾ എന്നിവ വഴി കോഴിക്കോട്, എറണാകുളം ജില്ലകളിലായി നിരവധി പേർക്കാണ് ലക്ഷക്കണക്കിന് രൂപ നഷ്ടമായത്.
ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികളിൽ നിന്ന് 26 ലക്ഷം രൂപയാണ് സൈബർ സംഘം തട്ടിയെടുത്തത്. ഫേസ്ബുക്ക് വഴി ലഭിച്ച ലിങ്കിലൂടെ ഷെയർ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ദമ്പതികൾ പല തവണകളായി പണം നിക്ഷേപിക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയർ പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കണയന്നൂർ സ്വദേശിയായ 81-കാരനിൽ നിന്ന് 1.18 ലക്ഷം രൂപ തട്ടിയെടുത്തു. ബാലരാജ പണിക്കർ എന്ന വയോധികനാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പണം നഷ്ടമായത്. ഗൂഗിളിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞപ്പോൾ തട്ടിപ്പുകാർ നൽകിയ വ്യാജ നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചത്. ഈ നമ്പറിൽ വിളിച്ചതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം പണം കവരുകയായിരുന്നു.
വാഹനങ്ങൾക്ക് പിഴ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശങ്ങൾ അയച്ചുള്ള തട്ടിപ്പും സംസ്ഥാനത്ത് വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടറിന് പിഴയുണ്ടെന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായി. സമാനമായ രീതിയിൽ മറ്റൊരു നല്ലളം സ്വദേശിക്ക് 30,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
