Home » Blog » Kerala » തീർത്ഥാടന തിരക്കേറുന്നു; കൊച്ചിയിൽ അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ, റെയിൽവേ സ്റ്റേഷനുകളിൽ നിയന്ത്രണം
ernakulam-town--680x450

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കാൻ കൊച്ചി സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പോലീസ് എയ്ഡ് പോസ്റ്റ് (ഫെസിലിറ്റേഷൻ സെന്റർ) പ്രവർത്തനമാരംഭിച്ചു. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഗതാഗത പരിഷ്കാരങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്.

 

ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറേ (പ്രധാന) കവാടത്തിലൂടെ പുറത്തിറങ്ങി പ്രത്യേക കെ.എസ്.ആർ.ടി.സി, ടാക്സി സർവീസുകൾ ഉപയോഗിക്കണം. ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന വാഹനങ്ങൾ കർഷക റോഡ് വഴി സഞ്ചരിച്ച് കിഴക്കേ കവാടത്തിന് മുന്നിലാണ് ഭക്തരെ ഇറക്കേണ്ടത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എറണാകുളം ഗേൾസ് ഹൈസ്കൂൾ മുതൽ സൗത്ത് റെയിൽവേ സ്റ്റേഷൻ കവാടം വരെ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. സ്ഥലപരിമിതി കണക്കിലെടുത്ത് എറണാകുളം നോർത്ത് സ്റ്റേഷനിലെ ഓട്ടോറിക്ഷ പാത ആവശ്യാനുസരണം വൺവേ ആയി ക്രമീകരിക്കും.

 

മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയാൻ 25-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രധാന ജംഗ്ഷനുകളിലും പ്ലാറ്റ്ഫോമുകളിലും 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടായിരിക്കും. തീപിടുത്ത സാധ്യത ഒഴിവാക്കാൻ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമുകളിലും ഗ്യാസ് സ്റ്റൗവോ അടുപ്പുകളോ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ചൂടാക്കുന്നതും കർശനമായി നിരോധിച്ചു. പൂജാദ്രവ്യങ്ങളും മാലിന്യങ്ങളും നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ. ഭക്തർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അനൗൺസ്മെന്റുകളും ദിശാസൂചിക ബോർഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ആംബുലൻസ് സേവനവും ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്ക്യു എന്നിവയുമായി ചേർന്നുള്ള സഹായ കേന്ദ്രങ്ങളും പ്രവർത്തിക്കും. പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരോട് തികഞ്ഞ സൗഹാർദ്ദത്തോടെ പെരുമാറാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രമീകരണങ്ങളുമായി പൊതുജനങ്ങളും ഭക്തരും സഹകരിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *