
ചെറിയ വിലയ്ക്ക് സ്വർണക്കുടം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പാലം സ്വദേശിയായ അഭിഭാഷകനെ കബളിപ്പിക്കാൻ ശ്രമം. ഒറ്റപ്പാലം സ്വദേശി അഡ്വ. ആർ.പി. ശ്രീനിവാസനെയാണ് ഫോണിലൂടെ ബന്ധപ്പെട്ട് തട്ടിപ്പിന് ശ്രമിച്ചത്. അസം സ്വദേശിയാണെന്നും നേരത്തെ വീട്ടിൽ പെയിന്റിങ് ജോലിക്കായി എത്തിയിരുന്നുവെന്നും വിളിച്ചയാൾ പരിചയപ്പെടുത്തി. തുടർന്ന് കുറഞ്ഞ വിലയ്ക്ക് സ്വർണക്കുടം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും കുടത്തിന്റെ വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു.
സംഭവത്തിൽ സംശയം തോന്നിയ അഭിഭാഷകൻ പോലീസിൽ പരാതി നൽകി. സ്വർണക്കുടം വിൽപ്പനയുടെ പേരിൽ പണം തട്ടാനുള്ള നീക്കമാണെന്ന സംശയത്തിലാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
