
കുവൈത്തിലെ മിന അബ്ദുള്ള വ്യവസായ മേഖലയിൽ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് പ്രവർത്തിപ്പിച്ചിരുന്ന അനധികൃത മദ്യനിർമ്മാണ കേന്ദ്രം സുരക്ഷാ വിഭാഗം കണ്ടെത്തി. സംഭവത്തിൽ ഒരു ഇന്ത്യക്കാരനും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടെ നാല് പ്രവാസികളെ അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രവർത്തനരഹിതമായ ട്രാൻസ്ഫോർമറിനുള്ളിലെ രഹസ്യ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ 1.5 ലിറ്റർ വീതം കൊള്ളുന്ന 194 കുപ്പി വ്യാജമദ്യവും, മദ്യക്കുപ്പികൾ നിറച്ച 28 ബാഗുകളും, മദ്യം നിറച്ച ഒരെണ്ണം ഉൾപ്പെടെ വിവിധ വലിപ്പത്തിലുള്ള അഞ്ച് ബാരലുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കുപ്പികളിൽ മദ്യം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന മൂന്ന് സിറിഞ്ചുകളും സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ നാല് പ്രതികളെയും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി രാജ്യത്തുടനീളം പരിശോധനകൾ കർശനമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
