Home » Blog » Kerala » ബ്രസീൽ ക്യാമ്പിൽ വാക്പോര് മുറുകുന്നു; ജപ്പാനോട് തോറ്റതിന് പിന്നാലെ റൊമാരിയോയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ആഞ്ചലോട്ടി
anjalotti-680x450

ജപ്പാനെതിരായ സൗഹൃദ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കെതിരെ രൂക്ഷവിമർശനവുമായിഫുട്ബോൾ ഇതിഹാസം റൊമാരിയോ. സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ ബ്രസീൽ 3-2 ന് പരാജയപ്പെട്ടിരുന്നു. ക്ലബ്ബ് തലത്തിൽ തിളക്കമാർന്ന റെക്കോർഡുകളുണ്ടെങ്കിലും ദേശീയ ടീമിനെ നയിക്കാൻ ആഞ്ചലോട്ടിക്ക് കഴിയുന്നില്ലെന്നും, ഉടൻതന്നെ അദ്ദേഹത്തിന്റെ കരാർ റദ്ദാക്കണമെന്നുമാണ് റൊമാരിയോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് സമീർ സൗദി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

റൊമാരിയോയുടെ വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി ആഞ്ചലോട്ടി തന്നെ രംഗത്തെത്തി. ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും റൊമാരിയോ ധാരാളം സംസാരിക്കാറുണ്ടെന്നത് അദ്ദേഹത്തിന്റെ അവകാശമാണെന്നും ആഞ്ചലോട്ടി പ്രതികരിച്ചു. ജപ്പാനെതിരായ തോൽവിയെ നിസ്സാരവൽക്കരിച്ച അദ്ദേഹം, നിലവിൽ ടീമിൽ പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും പുതിയ താരങ്ങൾക്ക് അവസരം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.

 

“ഇതൊരു പുതിയ ദൗത്യമാണ്, ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ എനിക്ക് സന്തോഷമുണ്ട്. എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്, ഞാൻ അത് ചെയ്യുക തന്നെ ചെയ്യും. ടീമിനെ വീണ്ടും മത്സരക്ഷമമാക്കാൻ ഞാൻ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ആക്രമണത്തേക്കാൾ കൂടുതൽ പ്രതിരോധ നിരയിലെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ജപ്പാനെതിരായ മത്സരം കാണിച്ചുതരുന്നു. ഭാവിയിൽ വളരെ ശക്തമായ ഒരു ദേശീയ ടീമിനെ വാർത്തെടുക്കുന്നതിനുള്ള ശരിയായ പാതയിലാണ് ഞങ്ങൾ,” ആഞ്ചലോട്ടി കൂട്ടിച്ചേർത്തു. ബ്രസീലിന്റെ ജേഴ്സി പരീക്ഷണങ്ങൾക്കുള്ള വേദിയാകരുതെന്നും മറ്റൊരു ലോകകപ്പ് അവസരം കൂടി പാഴാക്കാൻ രാജ്യത്തിന് കഴിയില്ലെന്നുമായിരുന്നു റൊമാരിയോയുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *