Home » Blog » kerala Max » ചേർത്തലയിലെ കെഎസ്ആർടിസി ബസുകളുടെ മൈലേജ് കുറഞ്ഞതിന് പിന്നിലെ ‘കള്ളൻ’ പിടിയിൽ; രഹസ്യ ക്യാമറയിൽ കുടുങ്ങിയത് നാല് ജീവനക്കാർ
ksrtc--680x450

ചേർത്തല കെഎസ്ആർടിസി ഡിപ്പോയിലെ ബസുകളിൽ നിന്നും വ്യാപകമായി ഡീസൽ മോഷ്ടിച്ച് വിറ്റ സംഭവത്തിൽ മെക്കാനിക്കൽ വിഭാഗത്തിലെ നാല് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് ഡിപ്പോയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വകുപ്പുതലത്തിലുള്ള പ്രത്യേക അന്വേഷണത്തിനും കോർപ്പറേഷൻ ഉത്തരവിട്ടു.

ഡിപ്പോയിലെ ബസുകൾക്ക് അസാധാരണമാംവിധം മൈലേജ് കുറയുന്നതും ഇന്ധനച്ചെലവ് വർധിക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് രഹസ്യനിരീക്ഷണം ഏർപ്പെടുത്തിയത്. തുടർന്ന് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥൻ ഡിപ്പോ പരിസരത്ത് സ്ഥാപിച്ച അഞ്ച് പെൻ ക്യാമറകളിലാണ് മോഷണദൃശ്യങ്ങൾ പതിഞ്ഞത്. സർവീസ് കഴിഞ്ഞ് രാത്രിയിൽ പാർക്ക് ചെയ്യുന്ന ബസുകളിൽ നിന്നാണ് ജീവനക്കാർ ഡീസൽ ചോർത്തിയിരുന്നത്.

പല ബസുകളുടെയും ടാങ്കുകളിൽ നിന്നും പൈപ്പിട്ട് പ്രതിദിനം 10 മുതൽ 15 ലിറ്റർ വരെ ഡീസൽ ഊറ്റിയെടുത്ത് പുറത്ത് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. ദീർഘനാളായി തുടർന്നിരുന്ന ഈ തട്ടിപ്പിലൂടെ ആയിരക്കണക്കിന് ലിറ്റർ ഇന്ധനമാണ് നഷ്ടമായത്. കൃത്യമായ നഷ്ടക്കണക്ക് തിട്ടപ്പെടുത്താനും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താനും പൊലീസും കെഎസ്ആർടിസി വിജിലൻസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *