
ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. ഗോപാൽപുർ ഗ്രാമവാസിയായ ഇരുപത്താറുകാരൻ സൗരഭ് തോമറിനാണ് തലയ്ക്ക് വെടിയേറ്റത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം.
ഞായറാഴ്ച (നവംബർ 8) രാത്രി 10 മണിയോടെയാണ് സംഭവം. സൗരഭും കുടുംബവും വീടിന് സമീപം പടക്കം പൊട്ടിച്ചുകൊണ്ടിരിക്കുമ്പോൾ അയൽവാസികളായ ധീരജ്, മോനു എന്നീ സഹോദരന്മാർ സ്ഥലത്തെത്തി ഇതിനെ എതിർത്തു. ഇത് സൗരഭിന്റെ സഹോദരൻ വിനീതുമായി വാക്കേറ്റത്തിനും തർക്കത്തിനും കാരണമായി.
തർക്കത്തിനിടയിൽ ധീരജ് കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ചുമരിലിടിച്ച് ദിശമാറിയാണ് വെടിയുണ്ട സൗരഭിന്റെ തലയിൽ പതിച്ചത്. ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജവാനെ കുടുംബാംഗങ്ങൾ മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. ജവാന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഏഴ് വർഷമായി ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ സേവനം അനുഷ്ഠിക്കുകയാണ് സൗരഭ്. ദീപാവലിക്ക് മൂന്ന് ദിവസം മുമ്പാണ് അവധിക്ക് വീട്ടിലെത്തിയത്. സൗരഭിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ ധീരജ്, മോനു എന്നിവർക്കെതിരെ രാമല പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസെടുത്തു. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കിൾ ഓഫീസർ അൻഷു ജെയിൻ വ്യക്തമാക്കി.
