
ഡൽഹി: ഉത്തരപ്രദേശിൽ വോട്ടർപട്ടികയുടെ സമഗ്ര പരിഷ്കരണത്തിന് പിന്നാലെ 1.27 കോടിയോളം ഹിന്ദു വോട്ടർമാർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായെന്ന ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതേസമയത്ത് മുസ്ലിം വോട്ടർമാരുടെ എണ്ണത്തിൽ 1.65 ശതമാനത്തിന്റെ വർധനവുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. യോഗ്യരായ ഹിന്ദു വോട്ടർമാർ എങ്ങനെ പുറത്തായെന്നും ഇതിന് പിന്നിൽ ആരാണെന്നും ചോദ്യമുയർത്തിയ അദ്ദേഹം, പുറത്തായവരെ വീണ്ടും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയതായും വ്യക്തമാക്കി.
പഞ്ചായത്ത് വോട്ടർപട്ടികയിലുള്ള 66 ലക്ഷം പേർക്കും, സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന 55 ലക്ഷം പേർക്കും, 18-19 പ്രായപരിധിയിലുള്ള 4.5 ലക്ഷം പുതിയ വോട്ടർമാർക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ ഇടം ലഭിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. കൃത്യമായ രേഖകളുള്ള ഈ വോട്ടർമാരെ തിരിച്ചെടുക്കാൻ അടിയന്തര നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഐആറുമായി ബന്ധപ്പെട്ട തർക്കങ്ങളും രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളും സംസ്ഥാനത്ത് ശക്തമായിരിക്കുകയാണ്.
