
കൊച്ചി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ‘ജന്തർ മന്തർ അറ്റ് കൊച്ചി’ എന്ന പേരിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ ജാഥ. കൊച്ചി മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച റാലി രാജേന്ദ്ര മൈതാനിയിലാണ് സമാപിക്കുന്നത്. രാജ്യതലസ്ഥാനത്ത് നടക്കുന്ന വോട്ടു കൊള്ളയ്ക്കെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കൊച്ചിയിലും സമരം സംഘടിപ്പിച്ചത്. നടൻ പ്രകാശ് രാജും പ്രതിഷേധ റാലിയിൽ നേരിട്ടെത്തി പങ്കെടുത്തു.
ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും, അദ്ദേഹം സ്ഥാനത്ത് തുടരുന്നിടത്തോളം കാലം രാജ്യത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമല്ലെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി. കേരളത്തിലെ യുവാക്കൾ ഈ പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും, നിരവധി പേർ ഇതിനോടകം സി.ജെ.പിയിൽ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷണപ്രകാരമാണ് താൻ കൊച്ചിയിലെ അതിഥിയായി എത്തിയതെന്നും ദീപ്കെ പറഞ്ഞു.
പ്രതിഷേധ സദസ്സ് വൈകുന്നേരം നാലു മണിക്ക് രാജേന്ദ്ര മൈതാനത്ത് നടന്നു. ജെ.എൻ.യു.എസ്.യു ജോയിന്റ് സെക്രട്ടറിയും ഐസ നേതാവുമായ ഡാനിഷ് അലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാങ്, എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് എസ്. ശിൽപ, കെ.എസ്.യു ജനറൽ സെക്രട്ടറി അഡ്വ. ജെയിൻ ജെയ്സൺ തുടങ്ങിയ ദേശീയ-സംസ്ഥാന യുവജന നേതാക്കൾ പ്രതിഷേധത്തിൽ അണിനിരക്കും. കൂടാതെ സി.ജെ.പി ദക്ഷിണേന്ത്യൻ ചുമതലയുള്ള വിജയ് മല്ലംഗി, ആക്ടിവിസ്റ്റ് രാധിക ഗണേഷ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും പ്രതിഷേധ സംഗമത്തിന് പിന്തുണയുമായി എത്തും.
