
കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡ് മൂല്യനിർണയത്തിലുണ്ടായ വീഴ്ച സാങ്കേതികം മാത്രമാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ഹൈക്കോടതിയിൽ വ്യക്തമാക്കി. പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പുനർമൂല്യനിർണയം നടത്തി പരിഹാര നടപടികൾ സ്വീകരിച്ചിരുന്നു. ഒരു ഉദ്യോഗാർത്ഥി ചൂണ്ടിക്കാട്ടിയ ഒരൊറ്റ പിഴവ് മാത്രമാണ് സംഭവിച്ചതെന്നും, അത് തിരുത്തി പുതിയ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചുവെന്നും പി.എസ്.സി കോടതിയെ അറിയിച്ചു.
എന്നാൽ, ഒരൊറ്റ പിഴവ് മാത്രമാണോ ഉണ്ടായതെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. തുടർച്ചയായി ഇത്തരം ആവർത്തിച്ചുള്ള പിഴവുകളെക്കുറിച്ച് കേൾക്കുന്നുണ്ടല്ലോ എന്ന് കോടതി നിരീക്ഷിച്ചു. ഇതിനുപുറമെ, നിലവിൽ പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും ഭരണകക്ഷിയുമായി ബന്ധമുള്ളവരാണെന്ന ആരോപണം ഉയർന്നിട്ടുണ്ടല്ലോ എന്നും ഹൈക്കോടതി ആരാഞ്ഞു.
എന്നാൽ ഇത്തരം വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങൾ നടത്തുന്ന പ്രചരണങ്ങൾ മാത്രമാണെന്നും പി.എസ്.സി കോടതിയിൽ മറുപടി നൽകി. യാഥാർത്ഥ്യമല്ലാത്ത മാധ്യമവാർത്തകൾ കോടതി കണക്കിലെടുക്കരുതെന്നും പി.എസ്.സി അഭ്യർത്ഥിച്ചു. ആസൂത്രണ ബോർഡ് മൂല്യനിർണയ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ പി.എസ്.സി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയിൽ ഈ വാദപ്രതിവാദങ്ങൾ നടന്നത്.
