
കൊച്ചി: വിദേശത്ത് പോകുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷവിമർശനം. ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞയാൾ എങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. “ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം; കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം” എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരാമർശം. തച്ചങ്കരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന്റെ മുഴുവൻ വിവരങ്ങളും ഹാജരാക്കാൻ നിർദേശിച്ച കോടതി, ഹർജി വെള്ളിയാഴ്ച (നവംബർ 6) വീണ്ടും പരിഗണിക്കാൻ മാറ്റി.
2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് തച്ചങ്കരിയെ വിജിലൻസ് കോടതി ശിക്ഷിച്ചത്. നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചിരുന്നത്. എന്നാൽ, വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ തീർപ്പാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കഴിഞ്ഞ ഒക്ടോബർ 15-ന് ഹൈക്കോടതി തച്ചങ്കരിക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
