
ഡൽഹി: ഇന്ത്യ മുന്നണിയുടെ ‘ചലോ ഡൽഹി’ മാർച്ചും രാംലീല മൈതാനത്തെ കൂറ്റൻ റാലിയും നടക്കുന്നതിനിടെ, കൊണാട്ട് പ്ലേസിലെ കടകൾ ബിജെപി ബലമായി അടപ്പിച്ചതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ഈ നടപടി വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
റാലിക്കായി ഡൽഹിയിലെത്തുന്ന പ്രതിഷേധക്കാരോട് പ്രാദേശിക വിപണികളിൽ നിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ പിന്തുണയ്ക്കണമെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ അഭ്യർഥിച്ചിരുന്നു. റാലികളിലും മാർച്ചുകളിലും പങ്കെടുക്കുന്നതിനൊപ്പം ഷോപ്പിങ് നടത്തുന്നത് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. എന്നാൽ കൊണാട്ട് പ്ലേസിലെത്തിയപ്പോൾ കടകളെല്ലാം അടപ്പച്ച നിലയിലാണ് കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“റാലിക്കെത്തുന്നവരോട് വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊണാട്ട് പ്ലേസിൽ ബിജെപി ബലമായി കടകൾ അടപ്പിക്കുകയായിരുന്നു. വ്യാപാരികൾക്ക് ആരാണ് നഷ്ടമുണ്ടാക്കുന്നതെന്നും അത് എങ്ങനെ സംഭവിക്കുന്നുവെന്നും ജനങ്ങൾ മനസ്സിലാക്കണം,” രാഹുൽ എക്സിൽ കുറിച്ചു. അതേസമയം, ഉത്സവ സീസൺ പ്രമാണിച്ച് നവംബർ 1-ന് നടത്താനിരുന്ന പ്രതിഷേധം മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്ന് ഫെഡറേഷൻ ഓഫ് സദർ ബസാർ ട്രേഡേഴ്സ് അസോസിയേഷൻ അടക്കമുള്ള വ്യാപാരി സംഘടനകൾ നേരത്തെ രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും അഭ്യർഥിച്ചിരുന്നു. റാലി ഉത്സവകാലത്തെ ബിസിനസിനെ ബാധിക്കുമെന്ന ആശങ്ക വ്യാപാരികൾ പങ്കുവെച്ച പശ്ചാത്തലത്തിലാണ് രാഹുൽ പ്രതികരണവുമായി രംഗത്തെത്തിയത്.
