
ഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വരാനിരിക്കുന്ന 2029-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പൂർണ്ണമായും തുറന്നുകാട്ടപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയിലെ വ്യാപാരികളുടെ കച്ചവടം തകർത്ത കോൺഗ്രസ്, വീണ്ടും അഞ്ച് വർഷം കൂടി പ്രതിപക്ഷത്ത് ഇരിക്കാൻ തയ്യാറെടുക്കേണ്ടി വരും. അടുത്ത മൂന്ന് തവണത്തെ തിരഞ്ഞെടുപ്പുകളിൽ പോലും ഭരണത്തിലെത്താൻ രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു.
അതേസമയം, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനും കേന്ദ്രമന്ത്രി ജെ.പി. നദ്ദയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും രാജ്യത്തെ ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് അവർ വിശ്വസിക്കുന്നതെന്നും നിതിൻ നബീൻ ആരോപിച്ചു. കർണാടകയിലും കേരളത്തിലും ജയിക്കുമ്പോൾ ജനാധിപത്യവും, ഹരിയാനയിലും ബിഹാറിലും തോൽക്കുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്നും പറയുന്ന നയമാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്സവകാലത്ത് ഡൽഹിയെ സ്തംഭിപ്പിക്കാനും വ്യാപാരികളുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്താനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ജെ.പി. നദ്ദ ആരോപിച്ചു. വ്യാപാരികളുടെ ആശങ്ക വകവെക്കാതെ റാലിയുമായി മുന്നോട്ട് പോയ കോൺഗ്രസ് രാജ്യത്ത് അരാജകത്വ ടൂൾകിറ്റാണ് പുറത്തെടുക്കുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു.
