Home » Blog » kerala Max » ഒരു മണിക്കൂറിന് 11,800 രൂപ! ഗുരുവായൂരിൽ ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി
GURUVA-680x450

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെയും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന്റെയും വാടക ഇരട്ടിയാക്കി. ഒരു മണിക്കൂറിന് 11,800 രൂപയായാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ജി.എസ്.ടി ഉൾപ്പെടെ നിലവിൽ ഈടാക്കിയിരുന്ന 5,900 രൂപയിൽനിന്നാണ് വർധന. ജനുവരി ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ഒരു മണിക്കൂർ ഒരു സ്ലോട്ടായി കണക്കാക്കിയാണ് ഓഡിറ്റോറിയങ്ങളുടെ വാടക നിശ്ചയിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവനായുള്ള സ്ലോട്ടിന് 1.60 ലക്ഷം രൂപ നൽകേണ്ടിവരും. ഓഡിറ്റോറിയങ്ങൾ 60 ദിവസം മുൻപ് ബുക്ക് ചെയ്യണമെന്നതിനാൽ ജനുവരിയിലെ പരിപാടികൾക്കുള്ള ബുക്കിങ് ഇപ്പോൾ തന്നെ നടത്തേണ്ടിവരും.

നിരക്ക് വർധന സാധാരണ കലാകാരന്മാർക്ക് തിരിച്ചടിയാകുമെങ്കിലും ഓഡിറ്റോറിയം ബുക്കിങ്ങിന്റെ മറവിൽ ചിലർ പണം സമ്പാദിക്കുന്നതായി ദേവസ്വത്തിന് പരാതികൾ ലഭിച്ചിട്ടുണ്ട്. നിലവിൽ 5,900 രൂപ നൽകി ഒരു സ്ലോട്ട് ബുക്ക് ചെയ്താൽ എത്ര പേർക്ക് വേണമെങ്കിലും നൃത്തം അവതരിപ്പിക്കാം. എന്നാൽ പത്തുപേരടങ്ങുന്ന സംഘത്തിലെ ഓരോ കുട്ടിയിൽനിന്നും ഓഡിറ്റോറിയം ഫീസ് എന്ന പേരിൽ ആയിരം രൂപ വീതം ഈടാക്കുന്നവരുണ്ടെന്നാണ് പരാതി.

നേരത്തേ കുറഞ്ഞ നിരക്കിൽ സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം വൻ തുകയ്ക്ക് മറ്റുള്ളവർക്ക് കൈമാറുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വാണിജ്യപരമായ ദുരുപയോഗങ്ങൾ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം വാടക വർധിപ്പിച്ചതെന്നാണ് വിവരം. പുതിയ നിരക്ക് കലാകാരന്മാർക്കും പരിപാടി സംഘാടകർക്കും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *