
കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായി, സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാർത്ഥമാണ് സ്കോളര്‍ഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രൊഫഷണൽ കോഴ്സുകളായ എംബിബിഎസ്, ബിഡിഎസ്, ബിവിഎസ്സി, ബിഇ/ ബിടെക്/ ബിആർക്ക്, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി അഗ്രി, എംബിഎ/ പിജിഡിഎം (ഫുൾടൈം) എന്നിവയിലേക്ക് 2026-27 വർഷത്തിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളർഷിപ്പ് ലഭ്യമാക്കിയിട്ടുള്ളത്. സേവനത്തിലിരിക്കെ മരണപ്പെട്ട ധീരജവാന്മാരുടെ ആശ്രിതർക്കും കാഴ്ച-സംസാര-കേൾവി പരിമിതിയുള്ളവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. പ്രതിവർഷം ഒരു ലക്ഷം രൂപ എന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട്, 40000 രൂപ വരെ വിലമതിക്കുന്ന ഒരു ലാപ്ടോപ്പ് അല്ലെങ്കിൽ 30000 രൂപയുടെ ഒരു ടാബ്ലറ്റ് വാങ്ങാനും സ്കോളർഷിപ് തുക വിനിയോഗിക്കാവുന്നതാണ്.
അർഹതയുള്ള ഒരു വിദ്യാർത്ഥിക്കും സാമ്പത്തിക പരിമിതി മൂലം മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകരുതെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് ഏർപ്പെടുത്തിയതെന്ന് ബാങ്കിന്റെ ചീഫ് എച്ച് ആർ ഓഫീസർ എൻ രാജനാരായണൻ പറഞ്ഞു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പുകളിലൂടെ, കഴിവും നിശ്ചയദാർഢ്യവുമുള്ള യുവതീയുവാക്കളുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് കരുത്തേകാനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവരുടെ പ്രയത്നങ്ങൾക്ക് പിന്തുണ നൽകാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള വളർച്ചയിൽ പങ്ക് നിർവഹിക്കണമെന്ന ബാങ്കിന്റെ ദൃഢമായ പ്രതിബദ്ധതയുടെ തുടർച്ചയാണ് സ്കോളർഷിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://scholarships.federal. bank.in:6443/ fedschlrshipportal/ എന്ന ഓൺലൈൻ ലിങ്ക് മുഖേന സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് https://www.federal.bank.in/ corporate-social- responsibility എന്ന പേജ് സന്ദർശിക്കുക.
