Home » Blog » Kerala » ചുഴലിക്കാറ്റ് ഭീഷണിക്കിടെ ആന്ധ്രയിൽ കനത്ത ജാഗ്രത; വിമാനത്താവളങ്ങൾ അടച്ചു, 13-ൽ അധികം സർവീസുകൾ റദ്ദാക്കി
FvIpYXEakAICRsg

അമരാവതി: ആന്ധ്രാപ്രദേശിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തെ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തീരദേശ മേഖലകളിൽ പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കി. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് സർവീസുകളുടെ നിലവിലെ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

 

മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും കനത്ത മഴയും തുടരുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രക്ഷുബ്ധമായ കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഡൽഹി-ഭോഗപുരം, ഡൽഹി-വിജയവാഡ സർവീസുകളും എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. വിജയവാഡ, രാജമുന്ദ്രി വിമാനത്താവളങ്ങളിലും പ്രവേശനം തടസ്സപ്പെട്ടു.

 

എയർ ഇന്ത്യ എക്സ്പ്രസ് വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദ്, ബെംഗളൂരു, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള 13 സർവീസുകൾ റദ്ദാക്കി. കൂടാതെ വാരണാസി–ബാങ്കോക്ക്, ബാങ്കോക്ക്–വിശാഖപട്ടണം അന്താരാഷ്ട്ര സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. നഗരങ്ങളിൽ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ റോഡ് ഗതാഗതവും പ്രതിസന്ധിയിലാണ്. വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിമാനങ്ങളുടെ സമയക്രമം ഉറപ്പാക്കിയ ശേഷം മാത്രം യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടണമെന്ന് നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *