
ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ നോയിഡ ശാഖയിൽ നിന്ന് ഉപഭോക്താക്കൾ അറിയാതെ അക്കൗണ്ടുകളിൽ നിന്ന് കോടിക്കണക്കിന് രൂപ അപ്രത്യക്ഷമായതായി പരാതി. സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നുമായി 35 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. സംഭവത്തെ തുടർന്ന് ബ്രാഞ്ച് മാനേജർ ഉൾപ്പെടെയുള്ള ബാങ്ക് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
ഗ്രേറ്റർ നോയിഡയിലെ ഐച്ചാർ പ്രദേശത്തുള്ള ശാഖയിലാണ് സംഭവം. 2025 ഏപ്രിലിൽ ആണ് ക്രമക്കേടുകൾ നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുകയോ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയോ ചെയ്യുമ്പോൾ ബാങ്കിൽ നിന്ന് ലഭിക്കേണ്ട എസ്.എം.എസ് സന്ദേശങ്ങളോ അറിയിപ്പുകളോ തങ്ങൾക്ക് ലഭിച്ചില്ലെന്ന് തട്ടിപ്പിനിരയായ ഉപഭോക്താക്കൾ പറയുന്നു.
സന്തോഷ് എന്ന സ്ത്രീക്ക് ഭൂമി ഏറ്റെടുക്കലിന് ലഭിച്ച നഷ്ടപരിഹാര തുകയായ 1.29 കോടി രൂപയിൽ 1.18 കോടിയോളം രൂപ ഒറ്റയടിക്ക് നഷ്ടമായതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 88 ലക്ഷത്തോളം രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ ഇപ്പോൾ വെറും ഒരു ലക്ഷം രൂപ മാത്രമാണ് ബാലൻസുള്ളതെന്ന് കർഷകനായ വിജേന്ദ്ര സിങ് പറഞ്ഞു. 39 ലക്ഷം രൂപ നഷ്ടപ്പെട്ട മറ്റൊരു ഉപഭോക്താവായ ഹനീഫ് ഖാൻ, താൻ യാതൊരു ഫോമിലും ഒപ്പിടുകയോ ബാങ്ക് സന്ദർശിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം പലരും അറിഞ്ഞത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
