
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം സിബിഐ പ്രത്യേക കോടതി നവംബർ ഒമ്പതിന് വിധി പറയും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവരാണ് ഈ കേസിൽ പ്രധാന പ്രതിസ്ഥാനത്തുള്ളത്. പി. ജയരാജൻറെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വച്ച് വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂരിലെ എംഎസ്എഫ് പ്രവർത്തകനായിരുന്നു അരിയിൽ ഷുക്കൂർ. കേസിൽ ആകെ 33 പ്രതികളും 82 സാക്ഷികളാണുള്ളത്. രണ്ട് പ്രതികൾ ഇതിനോടകം മരിച്ചു. പി. ജയരാജനും ടി.വി. രാജേഷും മുപ്പത്തിരണ്ടും മുപ്പത്തി മൂന്നും പ്രതികളാണ്. ഇരുവർക്കുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങൾ.
തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ചാണ് കൊലപാതക ഗൂഢാലോചന നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പ്രതികളുടെ ഫോൺ വിളികളും ടവർ ലൊക്കേഷൻ വിവരങ്ങളും കേസിൽ തെളിവായി ഹാജരാക്കിയിരുന്നു. എന്നാൽ, സിബിഐയുടെ ഗൂഢാലോചന വാദത്തിന് ബലം നൽകേണ്ടിയിരുന്ന പ്രധാന സാക്ഷികളിൽ പലരും വിദേശത്തായതിനാൽ വിചാരണാ വേളയിൽ ഇവരെ കോടതിയിൽ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. അതിനാൽതന്നെ സിബിഐ. ഉന്നയിച്ച ഗൂഢാലോചന ആരോപണം കോടതിയിൽ എത്രത്തോളം നിലനിൽക്കുമെന്നത് ഈ വിധിയിൽ ഏറെ നിർണായകമാണ്.
2024ൽ പി. ജയരാജൻറെയും ടി.വി. രാജേഷിൻറെയും വിടുതൽ ഹർജികൾ കോടതി തള്ളിയിരുന്നു. ഷുക്കൂറിൻറെ മാതാവ് നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
