Home » Blog » Kerala » പ്രതിരോധരംഗത്ത് 10,000 കോടിയുടെ മെഗാ ഡീൽ! 24 അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാൻ വ്യോമസേന
Pesca_1_(3737941060)

ഡൽഹി: രാജ്യത്തെ വി.വി.ഐ.പി യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാൻ അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. 24 പുതിയ ‘സ്പെഷ്യൽ യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ’ വാങ്ങുന്നതിനായുള്ള ഏകദേശം 10,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. നിലവിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകൾക്കായി ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത എംഐ -17V5 ഹെലികോപ്റ്ററുകൾക്ക് പകരമായാണ് ഇവ സജ്ജമാക്കുന്നത്.

 

എയർബസിന്റെ എച്ച്-725, അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ സിക്കോർസ്കി ഹെലികോപ്റ്ററുകളുമാണ് പദ്ധതിക്കായി പ്രധാനമായും പരിഗണനയിലുള്ളത്. എയർബസ് നിർമ്മിക്കുന്ന ഇരട്ട എഞ്ചിൻ മിലിട്ടറി ട്രാൻസ്പോർട്ട് ഹെലികോപ്റ്ററായ എച്ച്-725ന് 30-ഓളം പേരെ വഹിക്കാനും മണിക്കൂറിൽ പരമാവധി 324 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും സാധിക്കും. സൈനിക, വി.വി.ഐ.പി, ദുരന്തനിവാരണ ആവശ്യങ്ങൾക്കായി ആഗോളതലത്തിൽ പേരുകേട്ടതാണ് സിക്കോർസ്കി ഹെലികോപ്റ്ററുകൾ.

 

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകൾക്കുള്ള പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പുതിയ ഹെലികോപ്റ്ററുകളുടെ സാങ്കേതിക സവിശേഷതകൾ തയ്യാറാക്കിയിരിക്കുന്നത്. മുൻപ് വി.വി.ഐ.പി ഹെലികോപ്റ്റർ വാങ്ങലുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി വിവാദങ്ങളെ തുടർന്ന് പഴയ കരാർ റദ്ദാക്കിയിരുന്നു. ഇതിനുശേഷമാണ് പുതിയ അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാൻ തത്വത്തിൽ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *