
തലസ്ഥാന നഗരിയിലെ ശീതകാല മലിനീകരണം ചെറുക്കുന്നതിന്റെ ഭാഗമായി ബി.എസ്-6 മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തുന്നു. നവംബർ ഒന്നു മുതൽ 2027 ജനുവരി 31 വരെയാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും ബി.എസ്-6 നിലവാരത്തിന് താഴെയുള്ളതുമായ വാഹനങ്ങൾക്കാണ് നഗരത്തിലേക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
ഡൽഹിയുടെ അതിർത്തി കവാടങ്ങളിൽ പരിശോധന ശക്തമാക്കുന്നതിനായി നിർമിത ബുദ്ധി സംവിധാനങ്ങളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്നിഷൻ ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. നോയ്ഡ, ഗ്രേറ്റർ നോയ്ഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നുള്ള പത്ത ലക്ഷത്തോളം വാഹനങ്ങളെ ഈ തീരുമാനം നേരിട്ട് ബാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. എങ്കിലും ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങൾക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും.
ദൈനംദിന യാത്രക്കാരെയും ചരക്ക് വാഹന ഉടമകളെയും ഈ പുതിയ നടപടി വലിയ രീതിയിൽ ബാധിച്ചേക്കാം. നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിനായി ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ മുന്നൂറോളം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെയും വിവിധ അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ട്. വായു മലിനീകരണ തോത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശനമായ പരിശോധനകളും നടപടികളുമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
