
ഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ആഴ്ചകളായി തുടരുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ പുതിയ ഉറപ്പുകളുമായി അധികൃതർ. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഡിസംബർ 20-ന് ശേഷം നടപ്പിലാക്കുമെന്നും വിദ്യാർത്ഥികൾക്കെതിരായ നടപടികൾ പിൻവലിക്കുമെന്നും സർവകലാശാല രജിസ്ട്രാർ പ്രഖ്യാപിച്ചു.
എന്നാൽ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളിൽ ഒരുവിഭാഗം പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും, മറ്റൊരു വിഭാഗം വിദ്യാർത്ഥികൾ സമരം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി. യൂണിയൻ ഭരണഘടന രൂപീകരിക്കുന്ന ഡിസംബർ 20 കഴിഞ്ഞ് 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താമെന്നാണ് പുതിയ ധാരണ. നിലവിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുക്കുമെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും രജിസ്ട്രാർ അറിയിച്ചു. ഇതോടെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് ഭാഗികമായി പരിഹാരമായതോടെയാണ് സമരം ഭാഗികമായി അവസാനിച്ചത്.
അതേസമയം സർവകലാശാലയുടെ ഉറപ്പുകൾ പൂർണ്ണമല്ലെന്ന് വാദിച്ച് ഒരുവിഭാഗം വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. അഞ്ച് വിദ്യാർത്ഥികളിൽ മൂന്നുപേർ ഇപ്പോഴും നിരാഹാരത്തിലാണ്. യൂണിയൻ തിരഞ്ഞെടുപ്പ് ഉടൻ നടത്തുക, പ്രോക്ടറുടെയും സെക്യൂരിറ്റി അഡ്വൈസറുടെയും രാജി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് സമരം തുടരുന്ന വിദ്യാർത്ഥികളുടെ നിലപാട്.
