
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് അപമാനമുണ്ടായതായി വ്യാപക വിമർശനം. മുൻകൂട്ടി നിശ്ചയിച്ച ചടങ്ങുകളിൽ മാറ്റം വരുത്തി പി.ടി. ഉഷയ്ക്ക് പകരം മുഖ്യമന്ത്രി ദീപം തെളിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സംഭവത്തിൽ ഉഷയുടെ ഓഫീസ് ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ പി.ടി. ഉഷ നേരിട്ട് പ്രതികരണത്തിന് തയ്യാറായിട്ടില്ല.
സംസ്ഥാന സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ പി.ടി. ഉഷയെ ഗെയിംസ് ദീപം തെളിക്കുന്നതിനായാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പ്രത്യേകമായി ക്ഷണിച്ചിരുന്നത്. ജബൽപൂരിലായിരുന്ന ഉഷ ഈ ചടങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് കോഴിക്കോട്ടേക്ക് എത്തിയത്. സെനഗലിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനായി ഉഷ ഇന്ന് (ഒക്ടോബർ 26) യാത്ര തിരിക്കും. ദീപം തെളിക്കുന്ന സമയം സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി നേരെ ദീപശിഖാ പോഡിയത്തിന് അടുത്തേക്ക് എത്തുകയായിരുന്നു. ഭിന്നശേഷിക്കാരനായ നീന്തൽ താരം ആസിം വെളിമണ്ണയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങാൻ പോഡിയത്തിന് മുകളിൽ നിന്നിരുന്ന ഉഷ താഴേക്കിറങ്ങി.
ദീപശിഖ കാണികളെ ഉയർത്തിക്കാട്ടിയ ശേഷം ദീപം തെളിക്കാൻ തുനിയവേ, വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ ഉഷ ദീപശിഖ മുഖ്യമന്ത്രിക്ക് നൽകി മാറുകയായിരുന്നു. ചടങ്ങ് കണ്ടുനിന്നവരിൽ ഇത് വലിയ അമർഷത്തിന് ഇടയാക്കി. അതേസമയം, പി.ടി. ഉഷയെപ്പോലൊരു കായികതാരത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി പെട്ടെന്ന് ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ പരിപാടിയിൽ ചെറിയ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വിശദീകരിച്ചു.
